'എന്‍ ഇ പി മുഴുവനായി സംസ്ഥാനത്ത് നടപ്പാക്കില്ല, മതേതരത്വത്തിനും ഭരണഘടന മൂല്യങ്ങള്‍ക്കും ഊന്നല്‍ നല്‍കും'; വി ശിവന്‍കുട്ടി

ഒന്നു മുതല്‍ നാലുവരെ പഠിക്കുന്ന ഓരോ കുട്ടികളുടെയും എല്ലാ വിവരങ്ങളും അധ്യാപകര്‍ അറിഞ്ഞിരിക്കണം
'എന്‍ ഇ പി മുഴുവനായി സംസ്ഥാനത്ത് നടപ്പാക്കില്ല, മതേതരത്വത്തിനും ഭരണഘടന മൂല്യങ്ങള്‍ക്കും ഊന്നല്‍ നല്‍കും'; വി ശിവന്‍കുട്ടി

തിരുവല്ല : മതേതരത്വത്തിനും ഭരണഘടന മൂല്യങ്ങള്‍ക്കും ഊന്നല്‍ നല്‍കിയുള്ള പാഠപുസ്തകങ്ങള്‍ മാത്രമേ സംസ്ഥാനത്ത് പുറത്തിറക്കുകയുള്ളുവെന്ന് വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. കുറ്റൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കേന്ദ്ര സര്‍ക്കാരിന്‍റെ നാഷണല്‍ എഡ്യൂക്കേഷന്‍ പോളിസി (എന്‍ ഇ പി ) മുഴുവനായി സംസ്ഥാനത്ത് നടപ്പാക്കില്ല. കേരളസംസ്‌കാരത്തിനും മതേതരത്വത്തിനും എതിരായി എന്‍ഇപിയില്‍ അടങ്ങിയിരിക്കുന്ന കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പ്രയാസമാണ്. കുട്ടികളില്‍ ചരിത്രത്തെ മാറ്റി പഠിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ഒന്നു മുതല്‍ അഞ്ചു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അടിസ്ഥാന സൗകര്യ വിദ്യാഭ്യാസം കൂടുതല്‍ മെച്ചപ്പെടുത്തുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കുട്ടിയുമായി ഏറ്റവും അടുത്തിടപെടുന്നവര്‍ അധ്യാപകര്‍ ആയതിനാല്‍

ഒന്നു മുതല്‍ നാലുവരെ പഠിക്കുന്ന ഓരോ കുട്ടികളുടെയും എല്ലാ വിവരങ്ങളും അധ്യാപകര്‍ അറിഞ്ഞിരിക്കണം. കുട്ടികള്‍ക്ക് സമാധാനത്തോടും സന്തോഷത്തോടും കൂടി പഠിക്കുന്നതിനുള്ള അന്തരീക്ഷം ആണ് വേണ്ടത്. കുട്ടികളുടെ പ്രകടനം കണ്ട് ഗ്രേഡ് നിശ്ചയിക്കുന്നതും കളികളിലൂടെ സ്വന്തമായി കാര്യങ്ങള്‍ മനസിലാക്കുന്നതുമായ ഫിന്‍ലാന്‍ഡ് മോഡലിനെ പറ്റിയും മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാനത്ത് വിദ്യാഭ്യാസ വകുപ്പില്‍ മാത്രം 74 കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്തു. വളരെ മികച്ചതും രാജ്യത്തിനാകെ മാതൃകയായതുമായ സ്‌കൂള്‍ സംവിധാനമാണ് കേരളത്തിലേത്. രാജ്യത്ത് വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെയും വിദ്യാകിരണം പദ്ധതിയിലൂടെയും പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ 2016 മുതല്‍ നടത്തുന്നത്. പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ 3000 കോടി രൂപ ചെലവഴിച്ചു. പൊതുവിദ്യാഭ്യാസ മേഖലയില്‍ ഒന്നു മുതല്‍ 12 വരെ ക്ലാസുകളില്‍ 47 ലക്ഷം വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. സംസ്ഥാനത്ത് 45000 ലാബ് മുറികള്‍ സജ്ജമാക്കിയിരിക്കുന്നു.

ഓരോ നിയോജകമണ്ഡലത്തിലും ഓരോ സ്‌കൂള്‍ വീതം എന്ന കണക്കില്‍ 140 മണ്ഡലങ്ങളിലും ഒരെണ്ണം അധികമായും മൊത്തം 141 സ്‌കൂളുകളില്‍ അഞ്ചു കോടി രൂപ വീതം ചിലവിട്ട് സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങള്‍ ആക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. മൂന്ന് കോടി രൂപ ചിലവിട്ട് 386 സ്‌കൂളുകളുടെയും ഒരു കോടി രൂപ ചിലവിട്ട് 446 സ്‌കൂളുകളുടെയും വികസനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനവും നടക്കുന്നുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ ഏറെ മുന്നേറിയിരിക്കുന്നു എന്ന് ഇതിലൂടെ മനസിലാക്കാം. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതോടൊപ്പം അക്കാദമികമായ മുന്നേറ്റത്തിനും പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ട്. പാഠ്യപദ്ധതി പരിഷ്‌കരണം ടെക്സ്റ്റ് ബുക്കുകളുടെ കാലത്തിന് അനുസരിച്ചുള്ളതാക്കും. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.ആറ് പേരില്‍ നിന്ന് 72 കുട്ടികളായി എണ്ണം വര്‍ധിച്ച കുറ്റൂര്‍ പാണ്ടിശേരി ഭാഗം ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ പഠന സൗകര്യം വര്‍ധിപ്പിക്കുന്നതിനായി സ്‌കൂളിന് ഒരു കോടി രൂപ അനുവദിച്ചതായി ചടങ്ങില്‍ മന്ത്രി പ്രഖ്യാപിച്ചു.

കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. സഞ്ജു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ലതാ കുമാരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജോണ്‍, കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് ബോര്‍ഡ് അംഗം അഡ്വ. സുധീഷ് വെണ്‍പാല, കനിവ് പെയിന്‍ ആന്റഡ് പാലിയേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ അഡ്വ. ഫ്രാന്‍സിസ് വി.ആന്റണി എന്നിവർ പ്രസംഗിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com