

തിരുവനന്തപുരം: ജിഎസ്‌ടിക്കൊപ്പമുള്ള വിനോദ നികുതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കണം, താരങ്ങള്‍ വലിയ പ്രതിഫലം കുറയ്ക്കണം എന്നിവ ഉൾപ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സിനിമ നിർമാതാക്കൾ സമരത്തിലേക്ക് കടക്കുന്നതിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ.
സിനിമാ നിര്‍മാതാക്കള്‍ സമരത്തിലേക്ക് പോകേണ്ട സാഹചര്യമില്ലെന്ന് സജി ചെറിയാന്‍ പറഞ്ഞു. നടനും നിര്‍മാതാവുമായ സുരേഷ് കുമാറിന്‍റെ പ്രസ്താവനയുടെയും, ഇതിനോട് ആന്‍റണി പെരുമ്പാവൂർ നടത്തിയ രൂക്ഷമായ പ്രതികരണത്തിന്‍റെയും പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
"മൂന്ന് കാര്യങ്ങള്‍ ആവശ്യപ്പെട്ട് ഒരു കത്ത് സുരേഷ്‌കുമാര്‍ തന്നിരുന്നു. അത് പരിശോധിക്കാനായി അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. ജിഎസ്‌ടി യുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ഒന്ന്. അത് കൈകാര്യം ചെയ്യേണ്ടത് ധനകാര്യ വകുപ്പാണ്. അത് അവരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ കഴിയും. മറ്റ് രണ്ടു കാര്യങ്ങള്‍ സിനിമയുമായി ബന്ധട്ടതാണ്. അത് വകുപ്പുതലത്തില്‍ ചര്‍ച്ച ചെയ്ത് വേണ്ട നടപടികള്‍ സ്വീകരിക്കും", മന്ത്രി പറഞ്ഞു.
സമരത്തിന് ആധാരമായ വിഷയങ്ങള്‍ എന്താണെന്ന് ബോധ്യപ്പെട്ടു വരുന്നതേയുള്ളൂ. സിനിമാക്കാര്‍ സമരത്തിലേക്ക് പോകേണ്ട വിഷയമൊന്നുമില്ല. അവര്‍ തമ്മില്‍ പ്രശ്‌നമുണ്ടെങ്കില്‍ അവര്‍ തന്നെ പരിഹരിക്കട്ടെ.
പല സിനിമകളും ലാഭകരമായിത്തന്നെയാണ് മുന്നോട്ടുപോകുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.