നിപ: ചികിത്സയിലുള്ളവരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമെന്ന് മന്ത്രി വീണാ ജോർജ്

മരണപ്പെട്ടവരുടെയും നിപ പോസിറ്റീവ് ആയവരുടെയും സമ്പർക്കത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്തുന്നതിനായുള്ള ശ്രമങ്ങൾ ഊർജിതമായി നടത്തുന്നുണ്ട്.
മന്ത്രിമാരായ അഹമ്മദ് ദേവർകോവിൽ, എ. കെ ശശീന്ദ്രൻ,  വീണാ ജോർജ്,  പി.എ മുഹമ്മദ് റിയാസ് എന്നിവർ വാർത്താസമ്മേളനത്തിൽ.
മന്ത്രിമാരായ അഹമ്മദ് ദേവർകോവിൽ, എ. കെ ശശീന്ദ്രൻ, വീണാ ജോർജ്, പി.എ മുഹമ്മദ് റിയാസ് എന്നിവർ വാർത്താസമ്മേളനത്തിൽ.

കോഴിക്കോട്: നിപ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന യുവാവിന്‍റേതടക്കം നിപ പോസിറ്റീവ് ആയവരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. കോഴിക്കോട് കലക്ടറേറ്റ് കോൺഗ്രസ് ഹാളിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കോഴിക്കോട് കോർപ്പറേഷനിൽ ഉൾപ്പെട്ട ചെറുവണ്ണൂർ സ്വദേശിക്കാണ് ഏറ്റവും ഒടുവിൽ രോഗം സ്ഥിരീകരിച്ചത്. മറ്റൊരു രോഗിക്കൊപ്പം കൂട്ടിരിപ്പുകാരനായി എത്തിയ ആളാണ് ഇദ്ദേഹം. ഓഗസ്റ്റ് 30 ന് മരണപ്പെട്ട വ്യക്തിയുമായി ഇയാൾക്ക് സമ്പർക്കമുണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

മരണപ്പെട്ടവരുടെയും നിപ പോസിറ്റീവ് ആയവരുടെയും സമ്പർക്കത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്തുന്നതിനായുള്ള ശ്രമങ്ങൾ ഊർജിതമായി നടത്തുന്നുണ്ട്. ഇവരുടെ ഫോൺ ലോക്കേഷൻ കൂടി പരിശോധിച്ച് വിട്ടുപോയ സ്ഥലങ്ങളുണ്ടോ എന്ന് കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. അതേസമയം ഹൈറിസ്ക് പട്ടികയിൽ ഉൾപ്പെട്ടവരെ ലക്ഷണമുണ്ടെങ്കിലും ഇല്ലെങ്കിലും നിപ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും മന്ത്രി പറഞ്ഞു. 24 മണിക്കൂറും സാമ്പിളുകൾ പരിശോധിക്കാനുള്ള സൗകര്യവും ലഭ്യമാണ്. രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി മൊബൈൽ ലാബിൽ ഒരേ സമയം 192 സാമ്പിളുകൾ പരിശോധിക്കാനുള്ള സംവിധാനമുണ്ട്. എൻ.ഐ.വി പുനെയിൽനിന്നുള്ള ബി.എസ്.എൽ 3 സൗകര്യമുള്ള മൊബൈൽ ലാബ് ഉള്ളതിനാൽ നിപ സ്ഥിരീകരണം ജില്ലയിൽ സാധ്യമാണ്. നിപ പരിശോധനയിൽ നെഗറ്റീവ് ആയാലും 21 ദിവസം നിരീക്ഷണത്തിൽ തുടരണമെന്നും മന്ത്രി നിർദേശിച്ചു.

ജില്ലയിൽ നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടന്നു വരികയാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങളിൽ സന്നദ്ധ പ്രവർത്തകരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

വാർത്താ സമ്മേളനത്തിൽ ‌മന്ത്രിമാരായ എ. കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, എം.എൽ.എമാരായ ഇ.കെ വിജയൻ, കെ.പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ.പി ഗവാസ്, ജില്ലാ കലക്ടർ എ.ഗീത, എ. ഡി. എം സി മുഹമ്മദ് റഫീഖ് തുടങ്ങിയവർ പങ്കെടുത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com