വാഹനങ്ങളിൽ ഓൾട്ടറേഷൻ നടത്തുന്നവർ സാക്ഷ്യപത്രം നൽകണം

വാഹനങ്ങള്‍ അഗ്‌നിക്കിരയാവുന്നത് സംബന്ധിച്ചുള്ള അനൂപ് ജേക്കബിന്‍റെ ശ്രദ്ധ ക്ഷണിക്കലിനു മറുപടി നല്‍കുകയായിരുന്നു മന്ത്രി.
Representative image
Representative image

തിരുവനന്തപുരം: വാഹനങ്ങളില്‍ ഓൾട്ടറേഷൻ നടത്തുന്ന സ്ഥാപനങ്ങള്‍ അവ സുരക്ഷിതമാണെന്നും മാനദണ്ഡങ്ങള്‍ക്കു വിധേയമാണെന്നും അപകടമുണ്ടായാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും ഉള്ള സാക്ഷ്യപത്രം വാഹന ഉടമകള്‍ക്ക് നല്‍കണമെന്ന് നിഷ്‌കര്‍ഷിക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. വാഹനങ്ങള്‍ അഗ്‌നിക്കിരയാവുന്നത് സംബന്ധിച്ചുള്ള അനൂപ് ജേക്കബിന്‍റെ ശ്രദ്ധ ക്ഷണിക്കലിനു മറുപടി നല്‍കുകയായിരുന്നു മന്ത്രി.

വാഹനങ്ങള്‍ തീപിടിച്ചുണ്ടാകുന്ന അപകടങ്ങള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഗതാഗത മേഖലയിലെ സാങ്കേതികവിദഗ്ധരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും വാഹന നിർമാതാക്കളുടെയും ഡീലര്‍മാരുടെയും ഇന്‍ഷ്വറന്‍സ് സർവെ പ്രതിനിധികളുടെയും യോഗം ചേര്‍ന്നിരുന്നു.

മനുഷ്യനിർമിതമായ കാരണങ്ങളാലും യന്ത്ര തകരാറുകളാലും ഉണ്ടാകുന്ന ഇലക്‌ട്രിക്കൽ സര്‍ക്യൂട്ട് പ്രശ്‌നങ്ങള്‍ മൂലം വാഹനങ്ങള്‍ക്കു തീപിടിത്തമുണ്ടാകുന്നെന്നാണു പ്രാഥമിക വിലയിരുത്തല്‍. ലൈറ്റ് മോട്ടോര്‍ വാഹനങ്ങളിലാണ് ഇത്തരം തീപിടുത്തം കൂടുതല്‍ ഉണ്ടാവുന്നത്. ലോ വേരിയന്‍റ് വാഹനങ്ങളെ ഹൈ വേരിയന്‍റാക്കാന്‍ ഓട്ടോമൊബൈല്‍ സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ചുള്ളതല്ലാത്ത ഫ്യൂസും വയറിങ്ങും അനുബന്ധ ഉപകരണങ്ങളും ഉപയോഗിച്ച് കൂടുതല്‍ ഫിറ്റിങ്ങുകള്‍ ഘടിപ്പിച്ച് നിയമവിരുദ്ധമായി ഓൾട്ടറേഷൻ നടത്തുന്നത് തീപിടുത്തത്തിനുള്ള പ്രധാനകാരണമാണ്. അനധികൃത ഓൾട്ടറേഷനുകൾ നടത്തുന്ന സ്ഥാപനങ്ങളെ നിയന്ത്രിക്കും. ഇത്തരം പ്രവൃത്തികളുടെ അപകടസാധ്യതകളെക്കുറിച്ച് വാഹനം വാങ്ങുന്നവരെ ബോധവല്‍ക്കരിക്കുവാനും ഡീലര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വാഹനത്തിന്‍റെ എൻജിനെയും ടാങ്കിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഫ്യുവല്‍ ലൈനിലെ റബ്ബര്‍ ഹോസില്‍ പല കാരണങ്ങളാല്‍ ഉണ്ടാകുന്ന സുഷിരങ്ങളിലൂടെയുള്ള ഇന്ധന ചോര്‍ച്ചയും അപകടത്തിന് കാരണമാകുന്നതായി മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. വാഹനങ്ങള്‍ അഗ്‌നിക്കിരയാവുന്നതിന്‍റെ വിവിധ വശങ്ങള്‍ പഠിച്ച് രണ്ടു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ റോഡ് സുരക്ഷാ കമ്മിഷണറുടെ നേതൃത്വത്തില്‍ ട്രാഫിക് പൊലീസ് ഐജി, ഫോറന്‍സിക് വിഭാഗം മുന്‍ ജോയിന്‍റ് ഡയറക്റ്റർ ഡോ. എസ്.പി. സുനില്‍, സാങ്കേതിക വിദഗ്ധന്‍ കെ.ജെ. രമേശ്, എസ്‌സിഎംഎസ് കോളെജ് പ്രൊഫസര്‍ ഡോ. മനോജ് കുമാര്‍, ശ്രീചിത്ര എന്‍ജിനീയറിങ് കോളെജ് ഓട്ടോമൊബൈല്‍ വിഭാഗം പ്രൊഫസര്‍ ഡോ. കമല്‍ കൃഷ്ണ, അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എന്നിവര്‍ അംഗങ്ങളായ സമിതി രൂപീകരിച്ചിട്ടുണ്ട്. സമിതിയുടെ ആദ്യ യോഗം ഈമാസം 18ന്‌ ചേരും. വിദഗ്ധസമിതിയുടെ നിർദേശങ്ങള്‍ പരിശോധിച്ച് വാഹന ഉപയോക്താക്കളുടെയും ജനങ്ങളുടെയും സുരക്ഷിതത്വത്തിന് വേണ്ട നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നു മന്ത്രി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com