"പ്രതിപക്ഷ നേതാവ് സംഘപരിവാർ വിരുദ്ധനാണെങ്കിൽ നേമം മണ്ഡലത്തിൽ മത്സരിക്കാൻ തയാറാകണം": വി. ശിവൻകുട്ടി

ബിജെപിക്കെതിരേ പോരാടാൻ ആഗ്രഹമുണ്ടെങ്കിൽ നേമത്ത് വന്ന് അത് തെളിയിക്കണമെന്നും മന്ത്രി ശിവൻകുട്ടി കൂട്ടിച്ചേർത്തു
minister v. sivankutty fb post against v.d. satheesan

വി. ശിവൻകുട്ടി, വി.ഡി. സതീശൻ

Updated on

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരേ നേമത്ത് മത്സരിക്കാൻ ധൈര‍്യമുണ്ടോയെന്ന് വിദ‍്യാഭ‍്യാസമന്ത്രി വി. ശിവൻകുട്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോട് ആവശ‍്യപ്പെട്ടു.

ബിജെപിക്കെതിരേ പോരാടാൻ ആഗ്രഹമുണ്ടെങ്കിൽ നേമത്ത് വന്ന് അത് തെളിയിക്കണമെന്നു പറഞ്ഞ മന്ത്രി സംഘപരിവാർ‌ രാഷ്ട്രീയത്തെ മുട്ടുകുത്തിക്കാൻ ആർജവമുണ്ടെങ്കിൽ പ്രതിപക്ഷ നേതാവിനെ ഈ പോരാട്ടത്തിലേക്ക് ക്ഷണിക്കുന്നുവെന്ന് ശിവൻകുട്ടി പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രി ശിവൻകുട്ടിയുടെ വെല്ലുവിളി.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം

സംഘപരിവാറിനെതിരെ പോരാടുന്ന വലിയ 'യോദ്ധാവായി' സ്വയം ചമയാൻ പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി സതീശൻ നടത്തുന്ന ശ്രമങ്ങൾ കൗതുകകരമാണ്. ബിജെപിയോടുള്ള മൃദുസമീപനവും കോൺഗ്രസിന്‍റെ നിലപാടില്ലായ്മയും കേരളീയ പൊതുസമൂഹത്തിന് കൃത്യമായി ബോധ്യമുള്ളതാണ്. വെറുതെ പ്രസംഗപീഠങ്ങളിൽ ഇരുന്നു വാചകക്കസർത്ത് നടത്തിയാൽ സംഘപരിവാർ വിരുദ്ധത തെളിയിക്കാനാവില്ല.

യഥാർത്ഥ പോരാട്ടം എങ്ങനെയെന്ന് നേമം മണ്ഡലം സാക്ഷ്യപ്പെടുത്തിയതാണ്. കേരളത്തിന്‍റെ മണ്ണിൽ ബിജെപി തുറന്ന ഏക അക്കൗണ്ട് ക്ലോസ് ചെയ്തത് ഇടതുപക്ഷത്തിന്‍റെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ പോരാട്ടമായിരുന്നു. സംഘപരിവാർ രാഷ്ട്രീയത്തെ മുട്ടുകുത്തിക്കാൻ ആർജ്ജവമുണ്ടെങ്കിൽ, പ്രതിപക്ഷ നേതാവിനെ ഞാൻ ഈ പോരാട്ടത്തിലേക്ക് ക്ഷണിക്കുന്നു.

ശ്രീ. വി.ഡി സതീശൻ ശരിക്കും ഒരു സംഘപരിവാർ വിരുദ്ധനാണെങ്കിൽ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപി ഒരിക്കൽ വിജയിച്ച നേമം മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ അദ്ദേഹം തയ്യാറാകണം. വെല്ലുവിളികൾ ഏറ്റെടുക്കാൻ ധൈര്യമുണ്ടെങ്കിൽ, വർഗീയതയ്ക്കെതിരെയുള്ള പോരാട്ടത്തിന് കരുത്ത് പകരാൻ അദ്ദേഹം ഈ ക്ഷണം സ്വീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാക്കുകളേക്കാൾ, നിലപാടുകൾ പ്രവൃത്തിയിലൂടെ തെളിയിക്കാനുള്ള ആർജ്ജവമാണ് ഒരു നേതാവിന് വേണ്ടത്. വി ഡി സതീശൻ മത്സരിച്ചാലും ഇല്ലെങ്കിലും നേമത്ത് ക്ളോസ് ചെയ്ത ബിജെപിയുടെ അക്കൗണ്ട് തുറക്കാൻ ഇടതുപക്ഷം അനുവദിക്കില്ല. വിജയിക്കുന്നത്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായിരിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com