സി. കേശവൻ സ്മാരകത്തിൽ ചരിത്ര മ്യുസിയം നിർമ്മിക്കും : മന്ത്രി വീണാ ജോര്‍ജ്

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ നിര്‍ദേശ പ്രകാരം 20 ലക്ഷം രൂപ വിനിയോഗിച്ച് റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സ്മാരക നവീകരണം നടത്തുന്നത്
സി. കേശവൻ സ്മാരകത്തിൽ ചരിത്ര മ്യുസിയം നിർമ്മിക്കും : മന്ത്രി വീണാ ജോര്‍ജ്

കോഴഞ്ചേരി: സി കേശവന്‍റെ കോഴഞ്ചേരി പ്രസംഗം കേരളത്തിന്‍റെ സാമൂഹിക മണ്ഡലങ്ങളെ പിടിച്ചുലച്ചതാണെന്നും ഈ സ്മരണ നിലനിര്‍ത്തുന്ന ഉചിത സ്മാരകമായി സ്‌ക്വയറിനെ നവീകരിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോഴഞ്ചേരി സി. കേശവന്‍ സ്മാരക സ്‌ക്വയറിന്‍റെ പുനരുദ്ധാരണത്തിന്‍റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഇതുമായി ബന്ധപ്പെട്ട സ്മരണയും സ്മാരകവും വളരെ പ്രധാനപ്പെട്ടതാണ്. ഈ പ്രാധാന്യം കണക്കിലെടുത്താണ് സ്മാരകത്തിന്‍റെ നവീകരണം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സ്മാരക സ്‌ക്വയറിന്‍റെ പുനരുദ്ധാരണം സമയബന്ധിതമായി പൂര്‍ത്തിയാക്കും. മുന്‍ എംഎല്‍എ കെ.സി. രാജഗോപാലനും കോഴഞ്ചേരി എസ്എന്‍ഡിപി യൂണിയനും സ്മാരക സ്‌ക്വയറിന്റെ നവീകരണം നടത്തണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു. സി. കേശവന്റെ സ്മരണാര്‍ഥം ചരിത്രമ്യൂസിയം സാക്ഷാത്കരിക്കും. സി. കേശവന്‍റെ സ്മരണാര്‍ഥം മ്യൂസിയം വേണമെന്ന് എല്ലാവര്‍ക്കും ആഗ്രഹമുണ്ടെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ നിര്‍ദേശ പ്രകാരം 20 ലക്ഷം രൂപ വിനിയോഗിച്ച് റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സ്മാരക നവീകരണം നടത്തുന്നത്. കേരള ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമായ നിവര്‍ത്തന പ്രക്ഷോഭകാലത്ത് നടന്ന സി. കേശവന്റെ പ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതിനായാണ് സ്മാരകം നിര്‍മിച്ചിട്ടുള്ളത്. കാലപ്പഴക്കത്താലും 2018ലെ പ്രളയത്തില്‍ ഉണ്ടായ കേടുപാടുകള്‍ മൂലവും സ്മാരകം ശോച്യാവസ്ഥയില്‍ആയിരുന്നു. ഇതു പരിഹരിച്ച് സി. കേശവന്‍ സ്മാരകത്തിന്റെ സമഗ്രമായ പുനരുദ്ധാരണമാണ് പദ്ധതിയുടെ ലക്ഷ്യം.

ശില്‍പ്പത്തിന്റെ അറ്റകുറ്റപ്പണി, പുനരുദ്ധാരണം, സ്‌ക്വയറിന്‍റെ ലാന്‍ഡ്‌സ്‌കേപ്പിംഗ്, ശില്‍പ്പത്തിന്റെ സംരക്ഷണം, ജലസേചന-വൈദ്യുത സൗകര്യങ്ങള്‍ എന്നിവയാണ് പദ്ധതി പ്രകാരം നിര്‍വഹിക്കുക. സ്‌ക്വയറിന് ഉള്ളില്‍ കൂടി കടന്നു പോയിരിക്കുന്ന ഹൈടെന്‍ഷന്‍ ഇലക്ട്രിക് ലൈനുകളുടെ ഷിഫ്ടിംഗ്, സൈറ്റ് ഫെന്‍സിംഗ് എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റോയി ഫിലിപ്പ് അധ്യക്ഷത വഹിച്ച യോഗത്തില്‍ മുന്‍ എംഎല്‍എ കെ.സി. രാജഗോപാലന്‍, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ഗീതു മുരളി, ബിജിലി പി ഈശോ, എസ്എന്‍ഡിപി യോഗം അസിസ്റ്റന്‍റ് സെക്രട്ടറി പി.എസ്. വിജയന്‍, എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്‍റ് മോഹന്‍ ബാബു, യൂണിയന്‍ സെക്രട്ടറി ജി. ദിവാകരന്‍, യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ രാഖേഷ് കോഴഞ്ചേരി, യൂണിയന്‍ കൗണ്‍സിലര്‍മാരായ അഡ്വ. സോണി പി ഭാസ്‌കര്‍, പ്രേംകുമാര്‍, സുഗതന്‍ പൂവത്തൂര്‍, രാജന്‍ കുഴിക്കാല, സിനു എസ് പണിക്കര്‍, യൂണിയന്‍ വൈസ് പ്രസിഡന്‍റ് വിജയന്‍ കാക്കനാടന്‍, ഇലന്തൂര്‍ എല്‍എസ്ജിഡി സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ബിന്ദു എസ് കരുണാകരന്‍, അസിസ്റ്റന്റ് എന്‍ജിനിയര്‍ വിജയകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. 

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com