
മന്ത്രി വീണാ ജോർജ്, ഡോ. ഹാരിസ് ചിറയ്ക്കൽ
തിരുവനന്തപുരം: മെഡിക്കൽ കോളെജിലെ ഉപകരണക്ഷാമം സംബന്ധിച്ച ഡോ. ഹാരിസ് ചിറയ്ക്കലിന്‍റെ ആരോപണങ്ങൾ പരിശോധിക്കാൻ നിർദേശിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്. വളരെ സത്യസന്ധനായ ഡോക്റ്ററാണ് ഹാരിസെന്നും പറഞ്ഞതെല്ലാം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ഡോക്റ്റർ പറഞ്ഞത് നിലവിലുള്ള സംവിധാനത്തിന്‍റെ പ്രശ്നമാണ്. സംവിധാനത്തിനു മാറ്റമുണ്ടാകണമെന്നും, ആവശ്യമെങ്കിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തണമെന്നും മന്ത്രി പറഞ്ഞു.
മെഡിക്കൽ കോളെജിലെ ഉപകരണക്ഷാമം ആരോഗ്യ വകുപ്പ് അറിഞ്ഞിട്ടില്ലെന്നായിരുന്നു മന്ത്രി വീണാ ജോർജിന്‍റെ പ്രതികരണം. എന്നാൽ, ഒരു വർഷം മുൻപ് മന്ത്രിയുടെ ഓഫീസിൽ ഈ കാര്യം അറിയിച്ചിരുന്നുവെന്ന് ഡോ. ഹാരിസ് വ്യക്തമാക്കി. ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെയാണ് ഇക്കാര്യം അറിയിച്ചതെന്നും ഹാരിസ് പറഞ്ഞു.
ഒപ്പം മെഡിക്കൽ കോളെജിന്‍റെ അന്നത്തെ പ്രിൻസിപ്പൽ ഒപ്പമുണ്ടായിരുന്നു എന്നും ഹാരിസ് പറഞ്ഞു. സൂപ്രണ്ടിനോട് തുടര്‍നടപടിക്ക് നിര്‍ദേശിച്ചെങ്കിലും പിന്നീട് തുടര്‍നടപടി ഉണ്ടായില്ലെന്ന് ഹാരിസ് കൂട്ടിച്ചേർത്തു.