
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 23 വർഷം തടവും പിഴയും
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 23 വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മാറനല്ലൂർ അരുവിക്കര കുളത്തിൻ കര സ്വദേശി രാജേഷ് കുമാറിനാണ് (38) കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേഷ് കുമാർ ശിക്ഷ വിധിച്ചത്.
പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും അല്ലാത്ത പക്ഷം ഏഴ് മാസം അധിക കഠിനതടവ് അനുഭവവിക്കണമെന്നും വിധിയിൽ പറയുന്നു. 2022 ഓഗസ്റ്റിലായിരുന്നു പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. മൊബൈൽ ഫോൺ വഴി കുട്ടിയെ പരിചയപ്പെട്ട ഇയാൾ തന്റെ അരുവിക്കരയിലെ വീട്ടിലേക്ക് വരുത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
വീട്ടിൽ കുട്ടിയെ കാണാതായ മാതാപിതാക്കൾ മാറനല്ലൂർ പൊലീസിൽ പരാതിപ്പെടുകയും തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ വീടിനടുത്ത് നിന്നും കുട്ടിയെ കണ്ടെത്തുകയും ചെയ്തു.
വൈദ്യ പരിശോധനയിൽ പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തി. കുട്ടിയും ഇക്കാര്യം സമ്മതിച്ചതോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ശാസ്ത്രീയ പരിശോധനയിൽ പ്രതി കുട്ടിയെ പീഡിപ്പിച്ചെന്നു തെളിഞ്ഞതായി പ്രോസിക്യൂഷൻ കോടതിയിൽ തെളിയിച്ചു.
പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ ഡി.ആർ. പ്രമോദ് കോടതിയിൽ ഹാജരായി. 42 രേഖകൾ ഹാജരാക്കുകയും 27 സാക്ഷികളെ വിസ്തരിക്കുകയും എട്ട് തൊണ്ടിമുതലുകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു.