

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ പിടികൂടി. ജർമൻ സാംസ്കാരിക കേന്ദ്രത്തിലെ ശുചിമുറിയിൽ നിന്നാണ് മൃഗശാല ജീവനക്കാർ കുരങ്ങിനെ പിടികൂടിയത്. മഴ കനത്തതിനെത്തുടർന്നാണ് കുരങ്ങ് കെട്ടിടത്തിൽ അഭയം തേടിയതെന്നാണ് കരുതുന്നത്. നിലവിൽ കുരങ്ങിന്റെ ആരോഗ്യത്തിന് പ്രശ്നമില്ലെന്നും മൃഗശാല അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ജൂൺ 16നാണ് മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങ് ചാടിപ്പോയത്. പിന്നീട് തിരുവനന്തപുരത്തിന്റെ വിവിധയിടങ്ങളിലായി കുരങ്ങിനെ കണ്ടെത്തിയിരുന്നെങ്കിലും പിടി കൂടാൻ സാധിച്ചിരുന്നില്ല. തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കൻ പാർക്കിൽ നിന്നെത്തിച്ച പെൺ കുരങ്ങാണ് ഇത്ര ദിവസവും മൃഗശാല ജീവനക്കാരെ വട്ടം കറക്കിയത്.