
പത്തനംതിട്ട: മാലക്കര പള്ളിയോട കടവിന് സമീപം കഴിഞ്ഞ ദിവസം പമ്പാ നദിയിൽ കാണാതായ ആളിൻ്റെ മൃതദേഹം കണ്ടെടുത്തു. മുളക്കുഴ അരീക്കര ശ്രീസദനത്തിൽ ഭുവനേന്ദ്രൻ്റെ മകൻ ശ്രീജിത്തി (53 )ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ചൊവ്വാഴ്‌ച രാവിലെ 10 മണിയോടുകൂടി ആറന്മുള മാലക്കര അമ്പലക്കടവിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ഞായറാഴ്ച പകൽ മാലക്കര പള്ളിയോടക്കടവിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു സ്കൂട്ടറും ചെരുപ്പുകളും താക്കോലും നാട്ടുകാർ കണ്ടിരുന്നു. വിവരം പോലീസിനെ അറിയിച്ചതിനെ തുടർന്നു വാഹനത്തിൻ്റെ ഉടമസ്ഥനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ വീട്ടിൽ നിന്നും കാണാതായി എന്ന് കണ്ടെത്തി. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഇന്നലെ തിരച്ചിൽ നടത്തിയെങ്കിലും ആളിനെ കണ്ടുകിട്ടിയിരുന്നില്ല. ആറന്മുള പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.