
തിരുവനന്തപുരം: മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 രണ്ടാം ഘട്ടം തിങ്കളാഴ്ച ആരംഭിക്കും. ഈ മാസം 16 വരെ രണ്ടാംഘട്ടം തുടരും.
സാധാരണ വാക്സിനേഷൻ നൽകുന്ന ദിവസങ്ങൾ ഉൾപ്പെടെ 6 ദിവസങ്ങളിൽ വാക്സിനേഷൻ സ്വീകരിക്കാം. ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളും ഒഴിവാക്കി. രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് വാക്സിനേഷൻ. ദേശീയ വാക്സിനേഷൻ പട്ടിക പ്രകാരം വാക്സിനെടുക്കാത്ത ഗർഭിണികളും 5 വയസ് വരെ പ്രായമുള്ള എല്ലാ കുട്ടികളും വാക്സിൻ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അഭ്യർഥിച്ചു.
മൂന്നു ഘട്ടങ്ങളിലായാണ് മിഷൻ ഇന്ദ്രധനുഷ്. ആഗസ്റ്റ് 7 മുതൽ നടന്ന ഒന്നാംഘട്ടം 75 ശതമാനത്തിലധികം കുട്ടികൾക്കും 98 ശതമാനത്തിലധികം ഗർഭിണികൾക്കും വാക്സിൻ നൽകി വിജയമായി. സംസ്ഥാനത്ത് 18,744 ഗർഭിണികളെയും 5 വയസ് വരെയുളള 1,16,589 കുട്ടികളെയും പൂർണമായോ ഭാഗികമായോ വാക്സിൻ എടുക്കാത്തതായി കണ്ടെത്തി. അതിൽ 18,389 ഗർഭിണികൾക്കും 87,359 അഞ്ച് വയസ് വരെയുളള കുട്ടികൾക്കും വാക്സിൻ നൽകി. ഒക്റ്റോബർ 9 മുതൽ 14 വരെയാണു മൂന്നാം ഘട്ടം.
ദേശീയ വാക്സിനേഷൻ പട്ടിക പ്രകാരം വാക്സിൻ എടുക്കാൻ വിട്ടുപോയിട്ടുളള 2 മുതൽ 5 വയസ് വരെയുള്ള എല്ലാ കുട്ടികൾക്കും പൂർണമായോ ഭാഗികമായോ ദേശീയ വാക്സിനേഷൻ പട്ടിക പ്രകാരം വാക്സിൻ എടുത്തിട്ടില്ലാത്ത ഗർഭിണികൾക്കുമാണ് ഈ പരിപാടിയിലൂടെ വാക്സിൻ നൽകുന്നത്. സർക്കാർ ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ഗുണഭോക്താക്കൾക്ക് എത്തിച്ചേരാൻ സൗകര്യപ്രദമായ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലുമാണ് വാക്സിനേഷൻ നൽകുക. മൊബൈൽ ടീമിന്‍റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.