കെഎസ്ആർടിസിക്ക് 120 'എംഎൽഎ ബസുകൾ'

കെഎസ്ആർടിസിക്ക് എംഎൽഎ ഫണ്ടിൽ 120 ബസുകൾ; 102 ഭരണപക്ഷ എംഎൽഎമാരിൽ 79 പേർ സമ്മതപത്രം നൽകി, ഇടത്, ബിജെപി എംഎൽഎമാർ വിട്ടുനിൽക്കുന്നു
KSRTC bus

കെഎസ്ആർടിസിക്ക് ബസ് വാങ്ങുന്നതിനുള്ള പദ്ധതിയിൽ നിന്ന് 23 ഭരണപക്ഷ എംഎൽഎമാർ വിട്ടുനിൽക്കുന്നു.

Representative image

Updated on: 

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് പുതിയ ബസുകൾ ലഭ്യമാക്കാൻ എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് വിനിയോഗിക്കുന്ന പദ്ധതിക്ക് ഭരണപക്ഷത്തുനിന്നു മികച്ച പിന്തുണ. ആകെയുള്ള 102 ഭരണപക്ഷ എംഎൽഎമാരിൽ 79 പേരും പദ്ധതിക്കായി സമ്മതപത്രം കൈമാറി. ഇവരുടെ സ്വന്തം മണ്ഡലത്തിലെ ഡിപ്പൊകളിൽനിന്നടക്കമുള്ള സർവീസുകൾക്ക് ബസ് ഉപയോഗിക്കാനാകും.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആർടിസി കഴിഞ്ഞ 10 വർഷത്തിനിടെ പുതിയ അഞ്ഞൂറോളം ബസുകൾ മാത്രമാണ് നിരത്തിലിറക്കിയത്. പഴക്കമേറിയ ബസുകൾ സർവീസ് തുടരുന്ന സാഹചര്യത്തിൽ, സർക്കാരിന് അധിക സാമ്പത്തിക ബാധ്യത വരുത്താതെ പുതിയ ബസുകൾ വാങ്ങാനാണ് എംഎൽഎ ഫണ്ട് വിനിയോഗിക്കാൻ തീരുമാനിച്ചത്.

സ്വന്തം മണ്ഡലത്തിലെ ബസ് ആവശ്യം കൂടി മുൻനിർത്തിയാണ് എംഎൽഎമാരുടെ അനുകൂല നടപടി. അതേസമയം ഇടത്, ബിജെപി എംഎൽഎമാർ ഈ പദ്ധതിയിൽനിന്ന് പൂർണമായും വിട്ടുനിൽക്കുകയാണ്. ഭരണപക്ഷത്തെ 23 എംഎൽഎമാരും നിലവിൽ സമ്മതപത്രം നൽകിയിട്ടില്ല. ഈ വർഷത്തെ എംഎൽഎ ഫണ്ട് പൂർണമായും തീർന്നുപോയതിനാൽ അടുത്ത വർഷത്തെ ഫണ്ടിൽനിന്ന് തുക മാറ്റിവയ്ക്കാമെന്ന് ചില എംഎൽഎമാർ നിർദേശിച്ചിട്ടുണ്ട്. ചിലർ ഈ പദ്ധതിയുടെ ഭാഗമാകില്ലെന്നു തന്നെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

ജനപ്രതിനിധികളിൽനിന്ന് ആകെ 120ഓളം ബസുകൾ വാങ്ങുന്നതിനുള്ള സമ്മതപത്രം കെഎസ്ആർടിസിക്ക് ലഭിച്ചിട്ടുണ്ട്. ഉമ തോമസ്, സിറിയക് തോമസ് തുടങ്ങിയവർ 3 ബസുകൾ വീതം നൽകാൻ സമ്മതപത്രം നൽകിയപ്പോൾ, മലപ്പുറത്തുനിന്ന് തിരുവനന്തപുരത്തേക്ക് ഒരു സൂപ്പർ ഫാസ്റ്റ് ബസ് അനുവദിക്കാമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിർദേശിച്ചിട്ടുണ്ട്. 3 മാസത്തിനകം ഘട്ടംഘട്ടമായി ഈ 120 പുതിയ ബസുകൾ നിരത്തിലിറക്കാനാണ് കെഎസ്ആർടിസി ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ ബസുകളെത്തുന്നതിന് പിന്നാലെ കൂടുതൽ എംഎൽഎമാരും പദ്ധതിയുമായി സഹകരിക്കുമെന്നാണ് കോർപ്പറേഷന്‍റെ പ്രതീക്ഷ.