സിപിഐ എൽഡിഎഫിൽനിന്നു പുറത്തുവരണം: എം.എം. ഹസൻ

''മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് മുതല്‍ സിപിഎം നേതാക്കള്‍ക്ക് സ്വര്‍ണത്തോടുള്ള അഭിനിവേശം പുറത്ത് വന്നതാണ്''
MM Hassan asked CPI to come out of LDF
MM Hassan

തിരുവനന്തപുരം: സിപിഎമ്മിനെ ബന്ധപ്പെടുത്തി പുറത്തുവന്ന അധോലോക അഴിഞ്ഞാട്ടത്തിന്‍റെ കണ്ണൂരിലെ കഥകള്‍ ചെങ്കൊടിക്ക് അപമാനമെന്ന് വിലപിക്കുന്ന സിപിഐ സെക്രട്ടറി ബിനോയ് വിശ്വം എല്‍ഡിഎഫ് വിട്ട് പുറത്തുവരാന്‍ തയ്യാറാകണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍.

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് മുതല്‍ സിപിഎം നേതാക്കള്‍ക്ക് സ്വര്‍ണത്തോടുള്ള അഭിനിവേശം പുറത്ത് വന്നതാണെന്നും അത് ഒരിക്കല്‍ക്കൂടി ഊട്ടിയുറപ്പിക്കുകയാണ് മനു തോമസ് ചെയ്തിരിക്കുന്നതെന്നും എം.എം. ഹസന്‍ ആരോപിച്ചു.

സിപിഎമ്മിന്‍റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടു. സിപിഎം പിരിച്ച് വിടേണ്ട സമയമായി.കമ്യൂണിസ്റ്റ് ആശയങ്ങളില്‍ നിന്ന് വഴിമാറിയുള്ള സിപിഎം നേതൃത്വത്തിന്‍റെ സഞ്ചാരത്തിന് അണികളുടെ പിന്തുണയില്ലെന്ന് സിപിഎം ജില്ലാ കമ്മിറ്റികളിലെ വിമര്‍ശനത്തിലൂടെ അടിവരയിടുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഇതിലുള്ള പ്രതിഷേധവും സ്വന്തം നേതാക്കളോടുള്ള അവിശ്വാസവും കാരണമാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യാന്‍ സിപിഎം അണികള്‍ തീരുമാനിച്ചത്. നേതാക്കള്‍ പകര്‍ന്ന് നല്‍കിയ അന്ധമായ കോണ്‍ഗ്രസ് വിരോധവും സ്വന്തം നേതാക്കള്‍ക്ക് ബിജെപി നേതാക്കളോടുളള അടുപ്പവും സിപിഎം അണികളെ ബിജെപിയിലേക്ക് അടുപ്പിക്കുകയും ചെയ്തു.

സിപിഎമ്മിന്‍റെ അസ്ഥിവാരം തോണ്ടുന്ന ഗുരുതരമായ ആരോപണമാണ് സിപിഎമ്മിന്‍റെ മുന്‍ ജില്ലാ കമ്മിറ്റി അംഗം മനു തോമസ് ഉന്നയിക്കുന്നത്. സ്വന്തം അണികളെ ബോധ്യപ്പെടുത്താനെങ്കിലും ആ ആരോപണങ്ങള്‍ക്ക് മറുപടി പറയാനുള്ള ആര്‍ജ്ജവും ധൈര്യവും മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടി എം.വി. ഗോവിന്ദനും കാട്ടണമെന്നും ഹസന്‍ പറഞ്ഞു. മനു തോമസിന്‍റെ വെളിപ്പെടുത്തലിലൂടെ സിപിഎമ്മിന്‍റെ അന്ത്യത്തിന് അവരുടെ ശക്തികേന്ദ്രവും ഉരുക്കുകോട്ടയുമായ കണ്ണൂരില്‍ നിന്ന് തന്നെ തുടക്കം കുറിച്ചെന്ന് വ്യക്തമാണ്.

സിപിഎം നേതൃത്വത്തിന്‍റെ ക്രിമിനല്‍, ക്വട്ടേഷന്‍, മാഫിയ ബന്ധങ്ങളുടെ ഉള്ളറകളെ സംബന്ധിച്ച തുറന്ന് പറച്ചിലാണ് മുന്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയായ മനു തോമസ് നടത്തിയിരിക്കുന്നത്. വര്‍ഷങ്ങളായി യുഡിഎഫ് ഇക്കാര്യം പറഞ്ഞ് കൊണ്ടിരിക്കുകയാണ്. മനുതോമസിന്‍റെ ആരോപണത്തിലൂടെ അതിന്‍റെ ഭീകരത പൊതുസമൂഹത്തിന് കൂടുതല്‍ ബോധ്യമായെന്ന് ഹസ്സൻ പറഞ്ഞു.

Trending

No stories found.

Latest News

No stories found.