ലോറൻസിന്‍റെ മൃതദേഹം മെഡിക്കൽ കോളെജിനു കൊടുത്തത് സിപിഎമ്മിന്‍റെ ചതിയെന്ന് മകൾ

അന്തരിച്ച സിപിഎം നേതാവ് എം.എം. ലോറൻസിന് പാർട്ടി നൽകിയ അവസാന യാത്ര അയപ്പും ചതിയിലൂടെയെന്ന് മകൾ ആശ
എം.എം. ലോറൻസ് MM Lawrence
എം.എം. ലോറൻസ്
Updated on

കൊച്ചി: ശനിയാഴ്ച അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം. ലോറൻസിന് സിപിഎം നൽകിയ അവസാന യാത്ര അയപ്പും ചതിയിലൂടെയെന്ന് മകൾ ആശ ലോറൻസ്. താൻ മരിച്ചാൽ മൃതദേഹം മെഡിക്കൽ കോളെജിന് ദാനം ചെയ്യണമെന്ന് പിതാവ് പറഞ്ഞിട്ടില്ലെന്ന് ആശ സമൂഹമാധ്യമത്തിൽ കുറിച്ചു.

ലോറൻസിനേക്കാൾ വലിയ നിരീശ്വരവാദിയായിരുന്നു അദ്ദേഹത്തിന്‍റെ പിതാവ്. എന്നാൽ അദ്ദേഹത്തിന്‍റെ അന്ത്യകർമങ്ങൾ മത ചടങ്ങുകളോടെയായിരുന്നു. നാല് മക്കളുടെ വിവാഹവും നടന്നത് പള്ളിയിൽ വച്ചാണ്. അതിലെല്ലാം ലോറൻസ് പങ്കെടുത്തു. പേരക്കുട്ടികളുടെ മാമോദീസയ്‌ക്കും പങ്കെടുത്തിട്ടുണ്ട്. അമ്മയെ യാത്രയാക്കിയതും പള്ളിയിൽ തന്നെ. ആരെയോ ബോധിപ്പിക്കാനുള്ള നാടകമാണ് ഇപ്പോൾ നടക്കുന്നത്- അവർ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

""ലോകജനത അറിയുക, കമ്യൂണിസ്റ്റ് ചതി! പാർട്ടിക്ക് വേണ്ടി ജീവിതം മാറ്റിവച്ച ഒരു സഖാവിനോട് അവസാനമായി ചെയ്യാവുന്ന കൊടും ചതി, കൊടും ക്രൂരത'' എന്ന അടിക്കുറിപ്പോടെയാണ് ആശ പോസ്റ്റ് പങ്കിട്ടത്. പാർട്ടിയുടെ അടിമയായതിനാലാണ് പിതാവിനോടുള്ള കമ്യൂണിസ്റ്റ് ചതിക്ക് മൂത്ത മകൻ കൂട്ടുനിൽക്കുന്നതെന്നും അവർ തുറന്നടിച്ചു. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് 95ാം വയസിൽ ശനിയാഴ്ച കൊച്ചിയിലെ ആശുപത്രിയിലായിരുന്നു ലോറൻസിന്‍റെ അന്ത്യം.

ആശയുടെ പോസ്റ്റിന്‍റെ പൂർണ രൂപം:

"അപ്പൻ ഒരിക്കലും പറഞ്ഞിട്ടില്ല അപ്പനെ മെഡിക്കൽ കോളെജിന് ദാനം കൊടുക്കുവാൻ. അപ്പന്‍റെ അപ്പൻ അപ്പനെക്കാൾ വല്യ നിരീശ്വവാദി ആയിരുന്നു. അദ്ദേഹത്തെ അടക്കിയത് കലൂർ പൊറ്റക്കുഴി പള്ളി സെമിത്തേരിയിൽ എല്ലാ ക്രിസ്ത്രീയ ആചാരങ്ങളുടെയും അകമ്പടിയോടെയായിരുന്നു.

ഞങ്ങൾ നാലു മക്കളുടെ വിവാഹം പള്ളിയിൽ വച്ചായിരുന്നു. എല്ലാത്തിനും അപ്പൻ പങ്കെടുത്തിട്ടുമുണ്ട്. പേരക്കുട്ടികളുടെ മാമോദീസയ്ക്ക് അപ്പൻ പങ്കെടുത്തുണ്ട്. അമ്മയെ യാത്രയാക്കിയതും പള്ളിയിലായിരുന്നു.

ആരോയോ ബോധിപ്പിക്കാനാണ് ഇപ്പഴത്തെ നാടകം. മൃതദേഹം മെഡിക്കൽ കോളെജിന് വിട്ടുകൊടുക്കൽ കമ്യൂണിസ്റ്റുകാരുടെ ചതി അവസാനവും.

അപ്പൻ 2021ൽ ആശുപത്രിയിലായപ്പോൾ പരിചരിച്ചിരുന്നയാൾ എന്നും ബൈബിൾ വായിച്ച് ക്രിസ്ത്യൻ രീതിയിൽ സ്തുതി കൊടുത്ത് ചുംബിക്കുമായിരുന്നു. അപ്പൻ എതിർത്തില്ല എന്നു മാത്രമല്ല "നിന്‍റെ വിശ്വാസം നടത്തിക്കോളൂ' എന്നാണ് പറഞ്ഞത്. സങ്കീർത്തനം 91 വായിച്ചു കൊടുക്കുമായിരുന്നു.

മുത്തമകൾ സുജ ദുബായിൽ നിന്ന് എന്നും വിളിച്ച് ബൈബിൾ വചനങ്ങൾ വായിച്ചു കേൾപ്പിക്കുമായിരുന്നു. അപ്പൻ ഒരിക്കലും ഈശ്വര വിശ്വാസത്തെ എതിർത്തിട്ടില്ല. അതേസമയം പരിഹസിച്ചിട്ടുണ്ട്. അത് ദൈവം എന്തേ മനുഷ്യർക്ക് പട്ടിണി കൊടുക്കുന്നു എന്ന കാഴ്ചപ്പാടിലായിരുന്നു.

മതങ്ങളെ, ഈശ്വര വിശ്വാസത്തെ, ഈശ്വര വിശ്വാസികളെ അകറ്റുന്നത് ഭാരതത്തിൽ പാർട്ടിയെ ജനങ്ങളിൽ നിന്ന് അകറ്റും എന്ന് കേന്ദ്ര കമ്മറ്റിയിൽ അപ്പൻ പറഞ്ഞപ്പോൾ സഖാക്കൾ ഒറ്റപ്പെടുത്തുകയാണ് ചെയ്തത്.

സിപികെഎം അപ്പനെയും ഞങ്ങളെയും ചതിക്കുകയാണ്. മൂത്തമകൻ പാർട്ടി മെംബർ പാർട്ടി അടിമയാണ്. ഒരു കമ്യൂണിസ്റ്റ് ക്രിസ്ത്യൻ ആചാര പ്രകാരം അവസാന യാത്രയ്ക്കായി പോകുന്നത് സിപികെഎമ്മിന് സഹിക്കുന്നില്ല.

അപ്പൻ ഹിന്ദുവായിരുന്നുവെങ്കിൽ പയ്യാമ്പലം ബീച്ചിലോ തിരുനാവായായിലോ വല്യ ചുടുകാട്ടിലോ അഗ്നിക്ക് കൊടുക്കുമായിരുന്നു. അപ്പൻ കൃസ്ത്യാനിയായിപ്പോയി. അപ്പന്‍റെ സർട്ടിഫിക്കറ്റിൽ ക്രിസ്ത്യൻ ലാറ്റിൻ കാത്തലിക് എന്നാണ്. അല്ലാതെ ജാതി ഇല്ല, മതം ഇല്ല എന്നല്ല.

ലോകജനത അറിയുക, കമ്യൂണിസ്റ്റ് ചതി. പാർട്ടിക്ക് വേണ്ടി ജീവിതം മാറ്റി വച്ച ഒരു സഖാവിനോട് അവസാനമായി ചെയ്യാവുന്ന കൊടും ചതി, കൊടും ക്രൂരത.

അപ്പൻ മാമോദീസ സ്വീകരിച്ച കുഞ്ഞായിരുന്നു. പള്ളിയിൽ വച്ച് വിവാഹം കഴിച്ച കമ്യൂണിസ്റ്റായിരുന്നു.

മനുഷ്യരുടെ ദുഃസ്ഥിതി കണ്ടാണ് ദൈവത്തെ സംശയിച്ചത്. ഞങ്ങളോട് പറഞ്ഞിട്ടുള്ളത് ഈശ്വര വിശ്വാസികളാണെങ്കിൽ അതനുസരിച്ച് ജീവിക്കുക എന്നാണ്.

മൂത്ത മകന്‍റെ പാർട്ടി അടിമത്തം സ്വന്തം അപ്പനെ പാർട്ടി ചതിക്കുന്നതിന് കൂട്ടുനിൽക്കാൻ പ്രേരിപ്പിക്കുന്നു''.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com