
അടിമാലി: ശാന്തൻപാറയിലെ ഓഫിസ് നിർമാണവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് സിപിഎം നേതാവും എംഎൽഎയുമായ എം.എം. മണി. ആരൊക്കെ വിരട്ടിയാലും ജനങ്ങൾക്കുവേണ്ടി പൊരുതുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ജനപ്രതികളുമായി ചർച്ച ചെയ്യാതെയാണ് കലക്‌ടർ നിർമാണ നിരോധന ഉത്തരവ് പുറപ്പെടുവിച്ചതെന്നും ഇടുക്കിയിൽ താമസിക്കാൻ കഴിയില്ലെങ്കിൽ പുനറധിവസിപ്പിക്കുകയും അർഹമായ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
''പരാതികൾ കേൾക്കാനുള്ള മനസ് കോടതി കാണിക്കണം. ഇടുക്കിയിലെ ജനങ്ങളുടെ ഉപജീവനമാർഗം ഇല്ലാതാക്കാൻ ശ്രമിച്ചാൽ ജനങ്ങളെ അണിനിരത്തി സർക്കാരിനെതിരേ യും പോരാട്ടം നടത്തും. കണ്ണുരുട്ടി പേടിപ്പിക്കാൻ ശ്രമിച്ചാൽ അതും സമ്മതിക്കില്ല. കോടതി നിയമിച്ചു എന്ന കാരണത്താൽ അമിക്കസ് ക്യൂറി പറയുന്നതെല്ലാം കേൾക്കേണ്ട ആവശ്യം ജനങ്ങൾക്കില്ല'' - അദ്ദേഹം പറഞ്ഞു.
അതേസമയം, സിപിഎം നേതാക്കളുടെ പരസ്യ പ്രസ്താവനയിൽ കഴിഞ്ഞ ദിവസം കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇനി പരസ്യ പ്രസ്താവന നടത്തിയാൽ നീതിനിർവഹണത്തിലുള്ള ഇടപെടലായി കാണേണ്ടിവരുമെന്നു വാക്കാൽ മുന്നറിയിപ്പും നൽകിയിരുന്നു.