

Rahul Gandhi
file image
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നയിച്ച യുഡിഎഫിന്റെ "പുതുയുഗ യാത്ര'ക്ക് സമാപനം. പുത്തരിക്കണ്ടം മൈതാനത്ത് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സമ്മേളനം ഉദ്ഘാടനം ചെയ്തു.
മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിനെ പ്രശംസിച്ചാണ് രാഹുല്‍ പ്രസംഗം ആരംഭിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വഞ്ചിച്ചെന്നും കേരളത്തില്‍ സിപിഎം- ബിജെപി കൂട്ടുകെട്ടാണെന്നും രാഹുൽ പറഞ്ഞു. ഗള്‍ഫിലുള്ളവര്‍ ആശങ്കാകുലരാണ്. അസ്ഥിരവും അപകടകരവുമായ ആഗോള സാഹചര്യമാണ് നിലവിലുള്ളത്. യുഎസുമായി കരാര്‍ ഒപ്പിട്ടതോടെ മോദി രാജ്യത്തെ വഞ്ചിച്ചിരിക്കുകയാണ്. മോദിയല്ലാതെ ഒരു പ്രധാനമന്ത്രിയും ഇന്ത്യയുടെ കാര്‍ഷിക രംഗം അമെരിക്കക്ക് തുറന്നു കൊടുത്തിട്ടില്ല. ഈ കരാര്‍ ഊര്‍ജ സുരക്ഷ ഇല്ലാതാക്കും.
അമെരിക്ക പറയുന്നവരില്‍ നിന്നേ എണ്ണ വാങ്ങൂ എന്ന് മോദി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വാക്ക് കൊടുത്തു. വിട്ടുവീഴ്ചകള്‍ക്ക് നിര്‍ബന്ധിതനാകുകയാണ് പ്രധാനമന്ത്രി. ഇതിന് കാരണം എപ്സ്റ്റീന് ഫയലുകളാണ്. പ്രധാനമന്ത്രിയുടെ സുഹൃത്ത് അനില്‍ അംബാനി, ഹര്‍ദീപ് പുരി എന്നിവരുടെ പേരുകള്‍ ഫയലുകളിലുണ്ട്. ആ ഫയലുകള്‍ പുറത്തു വരുമോ എന്നാണ് മോദിക്ക് പേടി.
മോദിയെ നിയന്ത്രിക്കുന്നത് ട്രംപ് ആണ്. അതുപോലെ കേരള മുഖ്യമന്ത്രി പിണറായി വിജയനെ മോദി നിയന്ത്രിക്കുന്നു. പിണറായി വിജയനെതിരേ എന്തുകൊണ്ട് എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് അനങ്ങുന്നില്ല? എന്നെ ഇഡി ചോദ്യം ചെയ്തത് മണിക്കൂറുകളാണ്. കേരളത്തില്‍ സിജെപിയാണുള്ളത്. സിപിഎം- ബിജെപി കൂട്ടുകെട്ടാണ്. സിപിഎമ്മും ബിജെപിയും യുഡിഎഫിനെ തോല്‍പ്പിക്കാന്‍ കൈകോര്‍ക്കുന്നു. എന്ത് കമ്യൂണിസ്റ്റ് സ്വഭാവമാണ് ഈ സര്‍ക്കാരിനുള്ളത്? തൊഴിലാളി താത്പര്യം സംരക്ഷിക്കുന്നില്ല. സര്‍ക്കാറിന് കോര്‍പ്പറേറ്റ് സ്വഭാവമാണ്. കോര്‍പ്പറേറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന് സിപിഎം പേരു മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയിൽ സിപിഎം നേതാക്കള്‍ ജയിലിലായി. യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ ശക്തമായ നടപടി ഇക്കാര്യത്തില്‍ ഉണ്ടാകും. നൂറിലധികം സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തില്‍ വരും- രാഹുൽ പറഞ്ഞു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ഡോ. ശശി തരൂർ എംപി. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി മുൻ പ്രസിഡന്റ് കെ. സുധാകരൻ, മറ്റു കെപിസിസി നേതാക്കൾ, യുഡിഎഫ് ഘടകക്ഷി നേതാക്കൾ തുടങ്ങിയവർ സമ്മേളനത്തിന്റെ ഭാഗമായി.