
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസിന് ഗുരുതര സുരക്ഷാ വീഴ്ച. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം എഡിജിപി തയാറാക്കിയ പരിപാടികളിലെ രഹസ്യ വിവരങ്ങൾ ഉൾപ്പെടുന്ന സുരക്ഷാ സ്കീം ചോർന്നു. പ്രധാനമന്ത്രിക്കെതിരെ വിവിധ സംഘടനകളിൽ നിന്നുള്ള ഭീഷണികള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് മാധ്യമങ്ങൾക്കു കിട്ടിയത്.
കൊച്ചിയിലും തിരുവനന്തപുരത്തും പ്രധാനമന്ത്രിയുടെ 2 ദിവസത്തെ സന്ദർശത്തിന്റെ ഭാഗമായാണ് 49 പേജുള്ള സുരക്ഷാ പദ്ധതി ഇന്റലിജൻസ് എഡിജിപി ടി.കെ. വിനോദ്കുമാർ തയ്യാറാക്കിയത്. എസ്പിജി ഉദ്യോഗസ്ഥർ, ഐബി ഉദ്യോഗസ്ഥർ എന്നിവരുമായുള്ള ചർച്ചയ്ക്കു ശേഷമാണ് പഴുതടച്ചുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ തയാറാക്കിയത്. ഒരോ സ്ഥലത്തും സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ അടക്കം വിവരങ്ങൾ അടക്കമുള്ള സർക്കുലറാണ് ചോര്‍ന്നത്.
49 പേജുള്ള റിപ്പോർട്ടിൽ വിവിഐപി സുരക്ഷയുടെ സമഗ്രവിവരങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനം നടക്കുന്ന ജില്ലകളിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് മാത്രമാണ് സർക്കുലർ കൈമാറിയിരുന്നത്. എന്നാൽ, വിവരം മാധ്യമ വാർത്തയായതോടെ ഇതെങ്ങനെ ചോർന്നു എന്നതിൽ വിനോദ് കുമാർ അന്വേഷണം ആരംഭിച്ചു. വിവരം പുറത്തുവന്നതിൽ കേന്ദ്ര ഏജൻസികളും അതൃപ്തിയിലാണ്.
ഡൽഹിയിൽ നിന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തുമായി ആശയവിനിമയം നടത്തിയ എസ്പിജി അടക്കമുള്ള കേന്ദ്ര ഏജൻസികൾ അതീവ സുരക്ഷയാണ് നിർദേശിച്ചിരിക്കുന്നത്. സുരക്ഷാ വിവരങ്ങൾ പുറത്തെത്തിയതോടെ മാറ്റം വരുത്തിയ സ്കീം തയാറാക്കി.
അതേസമയം, സംഭവത്തെ സംസ്ഥാന സർക്കാരിനെതിരെ ആയുധമാക്കുകയാണ് ബിജെപി. കേരള പൊലീസിനെ വിമർശിച്ച് കേന്ദ്ര മന്ത്രി വി. മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.
പ്രധാനമന്ത്രി കേരളത്തിൽ എത്തിച്ചേരുന്നത് മുതൽ മടങ്ങിപ്പോകുന്നതുവരെ ഏതൊക്കെ ഉദ്യോഗസ്ഥർ ഏതൊക്കെ പോയിന്റിലുണ്ടാകണം, കൊച്ചി- തിരുവനന്തപുരം നഗരങ്ങളിലെ ക്രമീകരണങ്ങൾ, അടിയന്തര ഘട്ടം വന്നാൽ ബദൽ മർഗങ്ങള്‍, എന്നിവ ഉള്‍പ്പെടെയുളള വിവരങ്ങളാണ് ചോർന്നത്. വിവിധ തീവ്രവാദ സംഘടനകളിൽ നിന്നും പ്രധാനമന്ത്രിക്കെതിരെയുള്ള ഭീഷണിയെ കുറിച്ചും റിപ്പോർട്ടിലുണ്ട്.
പുൽവാമയിലെ തീവ്രവാദ ആക്രമണവും പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന് ശേഷമുള്ള സാഹചര്യവും ഗൗരവത്തോടെ കണ്ട് സുരക്ഷ ഒരുക്കേണ്ടതിന്റെ ആവശ്യം റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു. കേരളത്തിൽ നിന്നുള്ള യുവതീയുവാക്കള്‍ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നതിന് ശേഷം തീവ്രവാദ ആക്രമണത്തിന് ആഹ്വാനം ചെയ്തതും ശ്രീലങ്കലിലെ ആഭ്യന്തര കലാപത്തിന്റെ പശ്ചാത്തലത്തിൽ തീരദേശം വഴിയുളള ആക്രണത്തിനുള്ള സാധ്യതയും റിപ്പോട്ടിലുണ്ട്.
പ്രധാനമന്ത്രിക്കെതിരെ ചാവേർ ആക്രമണം നടത്തുമെന്ന് ബിജെപി ഓഫിസിലെത്തിയ കത്തും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. സുപ്രധാന രേഖകൾ ചോർന്നതോടെ പൊലീസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.