

മുഹമ്മദ് റിയാസ്
തിരുവനന്തപുരം: സിഎംആർഎൽ - എക്സാലോജിക് ഇടപാടിൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ‍്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് ഡിജിപിക്ക് കത്ത് നൽകിയ സംഭവത്തിൽ പ്രതികരണവുമായി മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം സംഭവത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് പറഞ്ഞു. ഒരുതരത്തിലും ഭയപ്പെടാനില്ലെന്നും തിരക്കഥ നന്നായെന്നും നിരപരാധിത്വം പൂർണമായും തെളിയിക്കാനുകുമെന്നും പറഞ്ഞു.
കേസെടുക്കണോ വേണ്ടയോയെന്ന് തീരുമാനിക്കേണ്ടത് യുഡിഎഫ് സർക്കാരാണെന്നാണ് മുഹമ്മദ് റിയാസ് പറയുന്നത്. പേടിച്ചുപോയെന്ന് ആരും കരുതേണ്ടെന്നു പറഞ്ഞ റിയാസ് എങ്ങനെയൊക്കെ വേട്ടയാടാൻ ശ്രമിച്ചാലും ഭയപ്പെടില്ലെന്ന് കൂട്ടിച്ചേർത്തു.
ജീവിക്കുന്ന മനുഷ‍്യന്‍റെ പച്ചയിറച്ചി കടിച്ച് തിന്ന് രസിക്കുന്നതിനു സമാനമായ വാർത്തകളാണ് പുറത്തുവരുന്നതെന്നും അത് അതിന്‍റെ രസത്തിൽ നടക്കട്ടെയെന്നും അദ്ദേഹം മാധ‍്യമങ്ങളോട് പറഞ്ഞു.
മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ, മുൻ മന്ത്രിയും എംഎൽഎയുമായ പി.എ. മുഹമ്മദ് റിയാസ്, ടി. വീണ എന്നിവർക്കെതിരേ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യാനാണ് ഇഡി ഡിജിപിക്ക് കത്ത് നൽകിയത്. കേസിലെ നിർണായക തെളിവുകളടക്കം കൈമാറിക്കൊണ്ടാണ് ഡിജിപിക്ക് കത്ത് ലഭിച്ചിരിക്കുന്നത്.
അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാണ് കത്തിലെ പ്രധാന നിർദേശം. പിണറായി വിജയൻ 3.28 കോടിരൂപ കൈക്കൂലി വാങ്ങിയെന്നാണ് ഇഡി റിപ്പോർട്ടിൽ പരാമർശിക്കുന്നത്. മകൾ വഴിയായിരുന്നു ഇടപാടുകളെന്നും മരുമകൻ റിയാസ് ഇത് ദുബായിലേക്ക് കടത്തിയെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.