
മോഹൻലാൽ
ന്യൂഡൽഹി: 71ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ രാജ്യത്തിന്‍റെ ഏറ്റവും ഉന്നതമായ ചലച്ചിത്ര പുരസ്കാരമായ ദാദാ സാഹെബ് ഫാൽക്കെ അവാർഡ് രാഷ്‌ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങിയ കംപ്ലീറ്റ് ആക്റ്റർ മോഹൻലാൽ മലയാള സിനിമയുടെ പൈതൃകത്തെ ഉയർത്തിപ്പിടിച്ചും തന്നെ വഴി നടത്തിയ ചലച്ചിത്ര പ്രതിഭകളെ ഹൃദയപൂർവം ചേർത്തുപിടിച്ചും കൈയടി നേടി.
പുരസ്കാരം ഏറ്റുവാങ്ങിയ ശേഷമുള്ള മറുപടി പ്രസംഗത്തിലാണ് മലയാള സിനിമയുടെ പൈതൃകവും ക്രിയാത്മകതയും അതീവ ഹൃദ്യമായും ലളിതവുമായി അവതരിപ്പിച്ച് ലാൽ ശ്രദ്ധ നേടിയത്. ""ഈ നിമിഷം എന്‍റേതു മാത്രമല്ല, ഇത് മുഴുവൻ മലയാള സിനിമയ്ക്കു കൂടി അവകാശപ്പെട്ടതാണ്''- ലാൽ പറഞ്ഞു. മഹാകവി കുമാരനാശാനെ ഉദ്ദരിച്ചും, സിനിമ തന്‍റെ ആത്മാവിന്‍റെ സ്പന്ദനമാണെന്ന് ആവർത്തിച്ചുമായിരുന്നു മറുപടി പ്രസംഗം അദ്ദേഹം ഉപസംഹരിച്ചത്.
മോഹൻലാലിന്‍റെ വാക്കുകൾ:
ഇന്ത്യൻ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ദാദാ സാഹെബ് ഫാൽക്കെയുടെ പേരിലുള്ള പുരസ്കാരം ഏറ്റുവാങ്ങാൻ കഴിഞ്ഞതിലുള്ള നന്ദി അറിയിക്കുന്നു. മലയാളം സിനിമയെ പ്രതിനിധീകരിക്കുന്ന ഒരാളെന്ന നിലയിലും ഈ പുരസ്കാരം സ്വീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന നിലയിലും കേരളത്തിൽ നിന്ന് ഈ പുരസ്കാരം കരസ്ഥമാക്കുന്ന രണ്ടാമത്തെ വ്യക്തി എന്ന നിലയിലും ഏറെ സന്തോഷം.
ഈ നിമിഷം എന്‍റേതു മാത്രമല്ല, ഇത് മുഴുവൻ മലയാള സിനിമയ്ക്കു കൂടി അവകാശപ്പെട്ടതാണ്. മലയാള സിനിമാ വ്യവസായത്തിന്‍റെ പാരമ്പര്യത്തിനും ക്രിയാത്മകതയ്ക്കും പ്രതിരോധത്തിനും ലഭിക്കുന്ന ആദരവായാണ് ഞാൻ ഈ പുരസ്കാരത്തെ കാണുന്നത്. ഈ വാർത്ത അറിഞ്ഞപ്പോൾ സന്തോഷത്തേക്കാൾ ഉപരി സിനിമാ പാരമ്പര്യത്തിന്‍റെ പൈതൃകം മുന്നോട്ടുകൊണ്ടുപോകാൻ തെരഞ്ഞെടുക്കപ്പെട്ട അംഗീകാരം എന്നതായിരുന്നു എന്നെ ആകർഷിച്ചത്. ദാർശനികമായ കാഴ്ചപ്പാടും കലാപരമായ പാരമ്പര്യവും കൊണ്ട് മലയാള സിനിമയെ പരുവപ്പെടുത്തിയ എല്ലാവരുടെയും പേരിൽ ഈ പുരസ്കാരം സ്വീകരിക്കാൻ വിധി എന്നെ സൗമ്യമായി അനുവദിക്കുകയാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
എന്‍റെ അതിവിദൂര സ്വപ്നങ്ങളിൽ പോലും ഈ നിമിഷം സ്വപ്നം കാണാൻ ഞാൻ ധൈര്യപ്പെട്ടിട്ടില്ല. അതുകൊണ്ട് ഇതൊരു സ്വപ്നം സഫലമായ നിമിഷമല്ല. അതിനേക്കാൾ വിസ്മയകരമായ നിമിഷമാണ്. മാജിക്കലായ ഒരു മൊമെന്‍റാണിത്.
ഈ പുരസ്കാരം എന്നെ കൂടുതൽ ഉത്തരവാദിത്തമുള്ളവനും നന്ദിയുള്ളവനുമാക്കുന്നു. എനിക്കു മുൻപേ പോയവരും എനിക്കൊപ്പം നടക്കുന്നവരുമായ മലയാള സിനിമയിലെ എല്ലാ പ്രതിഭകൾക്കും ഞാനീ പുരസ്കാരം സമർപ്പിക്കുന്നു. അതോടൊപ്പം ഞങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന മലയാളികളായ പ്രേക്ഷകർക്കും ഈ പുരസ്കാരം സമർപ്പിക്കുന്നു.
തത്വചിന്തകനും സാമൂഹ്യ പരിഷ്കർത്താവും മഹാകവിയുമായ മഹാകവി കുമാരനാശാൻ ""വീണപൂവ്'' എന്ന കവിതയിൽ കുറിച്ചതു പോലെ
""ചിതയിലാഴ്ന്നു പോയതുമല്ലോ
ചിരമനോഹരമായ പൂവിത്''!
പ്രതിഭ കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുകയും തലമുറകളെ അവർ അവശേഷിപ്പിച്ച സുഗന്ധത്തിലൂടെ പ്രചോദിപ്പിക്കുകയും ചെയ്ത് വിടർന്ന് അടർന്നു പോയ എല്ലാവരെയും ഈ നിമിഷം ഓർക്കുന്നു. എന്‍റെ പൂര്‍വികരുടെ ആശീര്‍വാദമായി ഈ പുരസ്‌കാരത്തെ ഞാന്‍ കാണുന്നു.
ഈ പുരസ്‌കാരം എനിക്ക് സമ്മാനിച്ച കേന്ദ്ര സർക്കാരിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും വാർത്താവിതരണ മന്ത്രാലയത്തോടും അകമഴിഞ്ഞ നന്ദി അറിയിക്കുന്നു. മലയാള സിനിമക്കും അതിന്‍റെ പ്രേക്ഷകര്‍ക്കും ഈ പുരസ്‌കാരം ഞാന്‍ സമര്‍പ്പിക്കുന്നു. എന്‍റെ ആത്മാവിന്‍റെ സ്പന്ദനമാണ് സിനിമ. ഈ പുരസ്കാരം എന്നെ കൂടുതൽ കരുത്തനും ഉത്തരവാദിത്തമുള്ളവനുമാക്കുകയാണ്. വർധിച്ച ആത്മവീര്യത്തോടെ സിനിമയ്ക്കൊപ്പമുള്ള എന്‍റെ യാത്ര തുടരും. കാരണം, എന്‍റെ ആത്മാവിന്‍റെ സ്പന്ദനമാണ് സിനിമ. എല്ലാവർക്കും നന്ദി- ലാൽ പ്രസംഗത്തിൽ പറഞ്ഞു.