

ടെറിട്ടോറിയൽ ആർമിയിലെ സഹപ്രവർത്തകർക്കൊപ്പം മോഹൻലാൽ
തിരുവനന്തപുരം: രാജ്യത്തിനുവേണ്ടിയുള്ള സേവനവും ത്യാഗവും ഉയർത്തിക്കാട്ടി ടെറിട്ടോറിയൽ ആർമി അംഗങ്ങൾക്ക് റെയ്സിങ് ഡേ ആശംസകൾ നേർന്ന് നടൻ മോഹൻലാൽ. ടെറിട്ടോറിയൽ ആർമിയിൽ ഓണററി ലെഫ്റ്റനന്‍റ് കേണൽ പദവി വഹിക്കുന്ന മോഹൻലാൽ വെള്ളിയാഴ്ച ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ആശംസകൾ അറിയിച്ചത്.
രാജ്യത്തിനുവേണ്ടി നിലകൊള്ളുന്നവരുടെ ധൈര്യത്തിലാണ് ഒരു രാഷ്ട്രത്തിന്‍റെ ശക്തിയെന്ന് മോഹൻലാൽ കുറിച്ചു. വിവിധ മേഖലകളിൽ നിന്നെത്തുന്ന ടെറിട്ടോറിയൽ ആർമി അംഗങ്ങൾ രാജ്യത്തിന്‍റെ സുരക്ഷയ്ക്കും അഭിമാനത്തിനുമായി സേവനത്തിന്‍റെയും ത്യാഗത്തിന്‍റെയും അചഞ്ചലമായ പ്രതിബദ്ധതയുടെയും മഹത്തായ പാരമ്പര്യമാണ് ഉയർത്തിപ്പിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ടെറിട്ടോറിയൽ ആർമിയുടെ 122-ാം മദ്രാസ് ഇൻഫൻട്രി ബറ്റാലിയനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മോഹൻലാൽ സഹപ്രവർത്തകരുടെ ആത്മവീര്യത്തെയും പ്രതിബദ്ധതയെയും അഭിവാദ്യം ചെയ്തു. ‘122-ാം ടെറിട്ടോറിയൽ ആർമി ഇൻഫൻട്രി ബറ്റാലിയൻ മദ്രാസിന്‍റെ ഭാഗമായതിൽ അഭിമാനം. ജയ് ഹിന്ദ്!’ എന്നും അദ്ദേഹം കുറിച്ചു.