

തിരുവനന്തപുരം: 'എമ്പുരാൻ' സിനിമയിലെ വിവാദ രംഗങ്ങളില്‍ ഖേദ പ്രകടനം നടത്തിയതിനു മോഹൻലാലിനെ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആരെങ്കിലും കത്രിക എടുത്തപ്പോള്‍ ക്ഷമ പറഞ്ഞത് ഹിതകരമായോ എന്ന് മോഹന്‍ലാല്‍ സ്വയം ചിന്തിക്കണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
കത്രിക വയ്ക്കും മുൻപ് കാണുക എന്ന അവകാശത്തിന്‍റെ പേരിലാണ് ഇല്ലാത്ത സമയം ഉണ്ടാക്കി സിനിമ കാണാനായി എത്തിയതെന്നാണ് ബിനോയ് വിശ്വം പറയുന്നത്.
എത്ര സെൻസറിങ് ചെയ്താലും ചരിത്രവും സത്യവുമൊന്നും ആർക്കും കത്രികകൊണ്ടോ വാളുകൊണ്ടോ വെട്ടിമാറ്റാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു വലിയ കലാകാരനെ ഇങ്ങനെയൊരു അവസ്ഥയിലേക്ക് എത്തിക്കാൻ പാടില്ലായിരുന്നു. ഇതുപോലുള്ള അവസ്ഥ മലയാള സിനിമ ആദ്യമായിട്ടാണ് കാണുന്നത്.
സംഘപരിവാര്‍ മോഹന്‍ലാലിന്‍റെ കൈപിടിച്ച് പുറകിലേക്ക് തിരിച്ചോ എന്ന് തനിക്കറിയില്ല. മോഹന്‍ലാലുമായി തര്‍ക്കത്തിന് താന്‍ താത്പര്യപ്പെടുന്നില്ല. കലാകാരന്മാര്‍ക്ക് ഇതുപോലെ മാപ്പ് ഇരക്കേണ്ട അവസ്ഥയുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.