അമ്മത്തൊട്ടിലിൽ കരുതലായി 'പണക്കിഴി'

അമ്മത്തൊട്ടിൽ സ്ഥാപിച്ചതിനു ശേഷം ഇതാദ്യമായാണ് കുട്ടികൾ അല്ലാതെ മറ്റ് സാധനങ്ങൾ പൊതുജനങ്ങൾ കൊണ്ട് വയ്ക്കുന്നത്
money bag wrapped in a plastic cover found ammathottil thiruvananthapuram

അമ്മത്തൊട്ടിലിൽ കരുതലായി "പണക്കിഴി"

Updated on

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല പിറ്റെന്ന് ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3.20 ന് തിരുവനന്തപുരത്ത് സംസ്ഥാന ശിശുക്ഷേമ സമിതി സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ നിന്ന് പതിവുപോലെ അതിഥിയുടെ വരവ് അറിയിച്ചു കൊണ്ട് അലാറം തുരു തുരേ മുഴങ്ങി.

ദത്തെടുക്കൽ കേന്ദ്രത്തിൽ സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിലെ ദൃശ്യങ്ങൾ തെളിയുന്ന മോനിറ്റർ ശ്രദ്ധിക്കാൻ നിന്നില്ല ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നേഴ്സിങ് സൂപ്രണ്ട് അജിതാ റാണിയും കെയർടേക്കർമാരും കുരുന്നിനെ സ്വീകരിക്കാൻ അമ്മത്തൊട്ടിലിനരികിൽ ഓടിയെത്തി.

ഇത്തവണ അതിഥിയില്ല. പകരം പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ ഒരു കൂട്ടം നാണയ തുട്ടുകൾ. പത്ത് രൂപയുടെ 28 എണ്ണം, 20, 5, 2, 1 എന്നിവയുടെ യഥാക്രമം 2,50, 79,67 ഇങ്ങനെ ആകെ 795 രൂപ. അമ്മത്തൊട്ടിൽ സ്ഥാപിച്ചതിനു ശേഷം ഇതാദ്യമായാണ് കുട്ടികൾ അല്ലാതെ മറ്റ് സാധനങ്ങൾ പൊതുജനങ്ങൾ കൊണ്ട് വയ്ക്കുന്നത്. പ്രത്യേകിച്ചും ധനസഹായങ്ങൾ. ഒരു നിശ്ചിത ഭാരത്തിൽ കൂടുതൽ അമ്മത്തൊട്ടിലിൽ എത്തിയാൽ അലാറം മുഴങ്ങും.

ഉപേക്ഷിക്കപ്പെടുന്ന കുരുന്നുകൾക്കായി സംസ്ഥാന ശിശുക്ഷേമ സമിതി എറ്റെടുക്കുന്ന പ്രവർത്തനങ്ങൾക്കുള്ള നന്മമനസുകളുടെ അംഗീകാരമായി ഈ ധന സഹായത്തിനെ കാണുന്നുവെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com