
കളളപ്പണം വെളുപ്പിക്കൽ കേസ്; മുഖ്യമന്ത്രിയുടെ മകന് ഇഡി സമൻസ് അയച്ചതിന്‍റെ രേഖകൾ പുറത്തു
തിരുവനന്തപുരം: കളളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൻ വിവേക് കിരണിന് എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് സമൻസ് അയച്ചതിന്‍റെ രേഖകൾ പുറത്തു. 2018 ലെ ലൈഫ് മിഷൻ പദ്ധതിയുടെ മറവിൽ നടന്ന കളളപ്പണം വെളുപ്പിക്കൽ, കൈക്കൂലി ഇടപാടുകളുമായി ബന്ധപ്പെട്ട കേസിൽ വിവേക് കിരണിനെ ചോദ്യം ചെയ്യാനാണ് ഇഡി സമൻസ് നൽകിയത്. 2023 ലാണ് വിവോക് കിരണിന് ഇഡി സമൻസ് അയച്ചത്.
2023 ഫെബ്രുവരി 14ന് 10.30ന് കൊച്ചി ഓഫിസിൽ ഹാജരാകണമെന്നും ആവശ്യപ്പെട്ടായിരുന്നു സമൻസ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്‍റെ മേൽ വിലാസത്തിലേക്കാണ് നോട്ടീസ് അയച്ചത്. ആധാർ, പാൻ കാർഡ്, ബാങ്ക് അക്കൗണ്ടുകൾ, സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലുമുളള സ്വത്തുക്കളുടെ വിവരങ്ങൾ എന്നിവ സമർപ്പിക്കണമെന്നും ഇഡി ആവശ്യപ്പെട്ടിരുന്നു.
എന്നാൽ വിവേക് അന്ന് ഇഡിക്ക് മുന്നിൽ ഹാജരായിരുന്നില്ല. എന്നാൽ പിന്നീട് ഇഡി തുടർനടപടികൾ സ്വീകരിച്ചില്ലെന്നാണ് വിവരം. വിവേക് കിരണിന് സമൻസ് അയച്ച അതേ ദിവസം തന്നെ ഹാജരായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ചോദ്യം ചെയ്യലിനൊടുവിൽ ഇഡി അറസ്റ്റ് ചെയ്തിരുന്നു.