
കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പു കേസില്‍ ഐജി ലക്ഷ്മണിനു വീണ്ടും സസ്പെൻഷൻ. ഗൂഢാലോചനക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ലക്ഷ്മണിനെ പൊലീസ് മേധാവിയുടെ റിപ്പോർട്ട് പ്രകാരമാണു സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തത്. ഗുരുതരമായ പെരുമാറ്റദൂഷ്യം നടത്തിയ ഐജിക്കെതിരേ ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്നു ഡിജിപി ആഭ്യന്തരവകുപ്പിനോട് ശുപാര്‍ശ ചെയ്തിരുന്നു.
നേരത്തെ, മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട കേസില്‍ വീഴ്ച കണ്ടെത്തിയതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് 2021 നവംബറില്‍ ലക്ഷ്മണിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് അന്വേഷണ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ 2023 ഫെബ്രുവരിയില്‍ തിരിച്ചെടുത്തു. എന്നാൽ കേസിൽ ഉൾപ്പെട്ടതിനാൽ എഡിജിപിയായുള്ള സ്ഥാനക്കയറ്റം സർക്കാർ തടഞ്ഞു. കേസിലെ മൂന്നാം പ്രതിയാണു ലക്ഷ്മൺ. മുൻ ഡിഐജി സുരേന്ദ്രൻ നാലാം പ്രതിയുമാണ്.
തെലങ്കാന സ്വദേശിയായ ലക്ഷ്മൺ ക്രൈംബ്രാഞ്ച് ഐജിയായിരുന്ന കാലത്താണു മോൻസനുമായി സൗഹൃദത്തിലാവുന്നത്. മോന്‍സന്‍ നടത്തിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ ലക്ഷ്മണ്‍ നേരിട്ടു പങ്കാളിയായതോടെയാണു കേസില്‍ പ്രതിയായത്. മോൻസന്‍റെ പല തട്ടിപ്പുകൾക്കും ഐജി കൂട്ടുനിന്നതായി അന്വേഷണത്തിൽ ബോധ്യപ്പെട്ടിരുന്നു. യാക്കൂബ് പുറായില്‍, എംടി മീര്‍, സിദ്ദിഖ് പുറായില്‍, അനൂപ് വി ഹമ്മദ്, സലീം എടത്തില്‍, ഷാനിമോന്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. ഗള്‍ഫിലെ രാജകുടുംബത്തിന് പുരാവസ്തുക്കള്‍ വിറ്റതിനു കിട്ടിയ തുക കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവച്ചതായി മോന്‍സന്‍ പരാതിക്കാരെ വിശ്വസിപ്പിച്ചിരുന്നു. ഈ തുക പിന്‍വലിക്കാനുള്ള തടസം മാറ്റാനായി പലപ്പോഴായി 10 കോടി രൂപ വാങ്ങിയെന്നാണു പരാതി.