മൂലമറ്റം പവർ ഹൗസ് ഒരു മാസത്തേക്ക് അടയ്ക്കുന്നു

ഇടുക്കിയില്‍ സമ്പൂര്‍ണ ഷട്ട്ഡൗണ്‍.
Moolamattom Power House to be closed for a month

മൂലമറ്റം പവർ ഹൗസ് ഒരു മാസത്തേക്ക് അടയ്ക്കുന്നു

Updated on

തൊടുപുഴ: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂലമറ്റം പവർ ഹൗസ് ഒരു മാസത്തേക്ക് അടയ്ക്കുന്നു. അടുത്ത മാസം 11 മുതലാണ് സമ്പൂര്‍ണ ഷട്ട് ഡൗണ്‍. അറ്റകുറ്റപ്പണികള്‍ക്കു വേണ്ടിയാണിത്. മൂലമറ്റം വൈദ്യുതി നിലയത്തിലെ 5, 6 ജനറേറ്ററുകളുടെ സീലുകൾ മാറ്റുന്നതിന്‍റെ ഭാഗമായാണ് പ്രവർത്തനം പൂർണമായും നിർത്തുന്നത്.

ഈ പവര്‍ ഹൗസ് അടയ്ക്കുന്നതോടെ ഒരു ദിവസം 600 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാകും. താത്കാലികമാണെങ്കിലും മൂലമറ്റത്തു നിന്നുള്ള വൈദ്യുതി ഉത്പാദനം നിലയ്ക്കുന്നതോടെ, മഴ തുടര്‍ന്നാല്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. തുലാവര്‍ഷത്തോടനുബന്ധിച്ച് ജില്ലയില്‍ നല്ല മഴയാണ്.

രാജ്യത്തെ ഏറ്റവും വലിപ്പമേറിയ ഭൂഗര്‍ഭ ജല വൈദ്യുത നിലയങ്ങളില്‍ ഒന്നാണിത്. പവര്‍ ഹൗസിന്‍റെ സ്ഥാപിത ശേഷി 780 മെഗാ വാട്ടാണ്. ഇടുക്കി ജലവൈദ്യുത പദ്ധതിയിലെ 3 അണക്കെട്ടുകളില്‍ കുളമാവിനു സമീപമുള്ള ടണലുകള്‍ (പെന്‍സ്റ്റോക്ക് പൈപ്പുകള്‍) വഴിയാണ് മൂലമറ്റം പവര്‍ ഹൗസില്‍ വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ ജലമെത്തിക്കുന്നത്. ഇവിടെ നിന്നും പുറന്തള്ളുന്ന ജലം തൊടുപുഴയാറിലേക്കാണ് എത്തിച്ചേരുന്നത്.

ഇടുക്കി അണക്കെട്ടില്‍ നിന്നും 46 കിലോമീറ്റര്‍ ദൂരത്ത് നാടുകാണി മലയുടെ താഴ്‌വാരത്ത് ഭൂമിക്കടിയിലാണ് പവര്‍ ഹൗസ് സ്ഥാപിച്ചിരിക്കുന്നത്. ഇടുക്കി ജലവൈദ്യുത പദ്ധതിയില്‍ ഇടുക്കി ജലസംഭരണിയും ഇടുക്കി ആര്‍ച്ച് ഡാമും ചെറുതോണി, കുളമാവ് അണക്കെട്ടുകളും 7 ഡൈവേര്‍ഷന്‍ അണക്കെട്ടുകളും മൂലമറ്റം പവര്‍ ഹൗസുമാണ് ഉള്‍പ്പെടുന്നത്.

ഡൽഹി, പഞ്ചാബ്, മധ്യപ്രദേശ്, എന്നിവിടങ്ങളിലേക്ക് മഴക്കാലത്ത് നമ്മൾ കൊടുത്ത വൈദ്യുതി പവർ എക്‌സ്‌ചേഞ്ച് വഴി തിരികെ ലഭിക്കും. അതിനാൽ കേരളത്തിൽ വൈദ്യുതി പ്രതിസന്ധിക്ക് സാധ്യതയില്ല. ഇടുക്കി അണക്കെട്ടിൽ ഇപ്പോൾ 2,385.74 അടി വെള്ളമുണ്ട്. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരമാണിത്. മൊത്തം സംഭരണ ശേഷിയുടെ 80.25 ശതമാനമാണിത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com