സമരം തുടരുന്നു: കണ്ണൂരിൽ കൂടുതൽ എയർ ഇന്ത്യ സർവീസുകൾ റദ്ദാക്കി, കടുത്ത പ്രതിഷേധം

എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ കൂട്ട അവധി രണ്ടാം ദിനം തുടരുകയാണ്.
air india
air indiafile image

കണ്ണൂര്‍: ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് കണ്ണൂരിൽ നിന്നും എയർഇന്ത്യ എക്സ്പ്രസിന്‍റെ കൂടുതൽ വിമാനങ്ങൾ റദ്ദാക്കി. ഷാര്‍ജ, ദമാം, അബുദാബി, മസക്കറ്റ് വിമാനങ്ങളാണ് റദ്ദാക്കിയത്. പുലര്‍ച്ചെ വിമാനത്താവളത്തിലെത്തിയപ്പോഴാണ് വിമാനങ്ങള്‍ റദ്ദാക്കിയതായി യാത്രക്കാര്‍ക്ക് വിവരം ലഭിച്ചത്. പുലർച്ചെ 4.20ന് പുറപ്പടേണ്ട ഷാർജ വിമാനം റദ്ദാക്കിയതായി അവസാന നിമിഷമാണ് അറിയിച്ചത്. ഇതേതുടർന്ന് യാത്രക്കാർ കടുത്ത പ്രതിഷേധത്തിലാണ്.

മെയ് 13-ന് ശേഷം മാത്രമേ ഇനി യാത്ര തുടരാനാകൂവെന്ന് വിമാനക്കമ്പനി അറിയിച്ചതായാണ് വിവരം. വൈകിട്ട് 3 ന് നെടുമ്പാശേരിയിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള ഒരു ആഭ്യന്തര സർവീസ് മാത്രമാണ് ഇന്ന് ഇതുവരെ എയർ ഇന്ത്യ ക്യാൻസൽ ചെയ്തിട്ടുള്ളത്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് സര്‍വീസുകളും മുടങ്ങി. യുഎഇയില്‍ നിന്ന് തിങ്കളാഴ്ച വരെ പുറപ്പെടേണ്ട വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. കൂടാതെ കണ്ണൂരിലും കരിപ്പൂരും തിരുവനന്തപുരത്തും എയർ ഇന്ത്യ സർവ്വീസ് റദ്ദാക്കിയിട്ടുണ്ട്. കരിപ്പൂരിൽ അൽ ഐൻ, ജിദ്ദ , ദോഹ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. 8.30 ന് പുറപ്പെടേണ്ട തിരുവനന്തപുരം - മസ്ക്കറ്റ് എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി.

അതേസമയം, വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 2.15ന് ദുബായ്, വൈകിട്ട് 7.30ന് ഷാ‍ർജ വിമാനങ്ങൾ കൊച്ചിയിൽ നിന്ന് നിലവിൽ സർവീസ് നടത്തുമെന്ന് കാണിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ 8.55ന് മസ്കറ്റിലേക്കും രാവിലെ 7.55നും 9.05നും ബഹറിനിലേക്കും വിമാനങ്ങൾ സർവീസ് നടത്തുമെന്നാണ് നിലവിൽ കാണിച്ചിരിക്കുന്നത്. എന്നാൽ ഇത് അന്തിമമാണോ ഇവ പുനഃക്രമീകരിക്കുമോ റദ്ദാക്കുമോ തുടങ്ങിയ കാര്യങ്ങളിലൊന്നും വ്യക്തത വന്നിട്ടില്ല.

രാജ്യത്തൊട്ടാകെ യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ കൂട്ട അവധി രണ്ടാം ദിനം തുടരുകയാണ്. നിരവധി ആഭ്യന്തര- അന്താരാഷ്ട്ര സർവ്വീസുകളാണ് ഇതിനോടകം റദ്ദാക്കിയത്. തിരുവനന്തപുരം, നെടുമ്പാശ്ശേരി, കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിലും നിരവധി യാത്രക്കാര്‍ ഇന്ന് രാവിലെ മുതൽ വലഞ്ഞു. ഇന്ന് ജോലിക്കെത്തേണ്ടവരും വീസ കാലാവധി തീരുന്നവരും ഇതോടെ പെരുവഴിയിലായി.

വ്യോമയാന മേഖലയിലെ ഏകീകരണത്തിന്‍റെ ഭാഗമായി എയർ ഇന്ത്യ എക്സ്പ്രസ്, എഐഎക്സ് കണക്റ്റ്, വിസ്താര എന്നിവയെ എയർ ഇന്ത്യയിൽ ലയിപ്പിക്കാൻ ടാറ്റ ഗ്രൂപ്പ് തീരുമാനിച്ചതിനെതിരേയാണു ജീവനക്കാരുടെ സമരം. അടുത്തിടെ പൈലറ്റുമാരുടെ സമരത്തെത്തുടർന്ന് വിസ്താരയുടെ സർവീസുകൾ പത്തു ശതമാനം വെട്ടിച്ചുരുക്കിയിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com