
കൊച്ചി: എറണാകുളം വൈപ്പിൻകരയുടെ നിരവധി കാലത്തെ പോരാട്ടത്തിലൂടെ ഗോശ്രീ ബസുകളുടെ നഗരപ്രവേശനത്തിന് തുടക്കമായിരിക്കുകയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. നിലവിൽ അനുവദിച്ചിരിക്കുന്ന ബസുകൾ ഉപയോഗപ്പെടുത്തി വിജയിപ്പിച്ചാൽ കൂടുതൽ ബസുകൾ വൈപ്പിനിലേക്ക് വിട്ടു നൽകും. ഗോശ്രീ ബസുകളുടെ നഗര പ്രവേശനം ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
10 കെഎസ്ആർടിസി ബസുകൾക്കും 4 പ്രൈവറ്റ് ബസുകളുമാണ് നഗരത്തിലേക്ക് പ്രവേശിക്കുന്നത്. എറണാകുളം നഗരത്തിന്‍റെ വിവിധ മേഖലകളിലേക്ക് വൈപ്പിനിൽ നിന്ന് ഗതാഗത സൗകര്യം ഒരുങ്ങുകയാണ് ഇതിലൂടെ. ആദ്യ ഘട്ടമായി കളമശേരി മെഡിക്കൽ കോളെജ്, വൈറ്റില, കാക്കനാട്, ഫോർട്ട് കൊച്ചി, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലേക്കാണ് ബസുകൾ. ഈ ബസുകൾ ഉപയോഗിച്ച് വിജയിപ്പിക്കേണ്ടത് അവിടുത്തെ ജനങ്ങളുടെ ഉത്തരവാദിത്തമാണ്.
കെഎസ്ആർടിസിയിൽ കുറ്റമറ്റ സംവിധാനം കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. നഷ്ടം കുറച്ചു കൊണ്ടുവരാൻ സാധിച്ചു. ജീവനക്കാർക്ക് ഒന്നാം തീയതി തന്നെ ശമ്പളം കൊടുക്കാൻ കഴിയുന്ന സാഹചര്യം ഉടൻ സാധ്യമാകും. ഗ്രാമീണ റോഡുകളിൽ പോലും ആധുനിക രീതിയിലുള്ള ബസുകൾ കൊണ്ടുവരും.
ഗതാഗത സൗകര്യമില്ലാത്ത ഉൾനാടൻ മേഖലകളിൽ പൊതുഗതാഗതം ശക്തിപ്പെടുത്തും. നിലവിൽ ബസ് റൂട്ടുകൾ ഒന്നുമില്ലാത്ത ഇത്തരം മേഖലകൾ എംഎൽഎമാർ വഴിയും ഗ്രാമസഭകൾ വഴിയും കണ്ടെത്തിയിട്ടുണ്ട്. ഈ റൂട്ടുകളിൽ ലൈസൻസ് നൽകും. പെർമിറ്റ് നൽകുന്നത് ഒഴിവാക്കി ഒരു റൂട്ടിൽ മിനിമം രണ്ട് ബസ് എന്ന രീതിയിലായിരിക്കും ലൈസൻസ് നൽകുക. 503 പുതിയ റൂട്ടുകൾക്ക് ഉടൻ അനുമതി നൽകും.
മൂന്നാറിൽ ആരംഭിച്ച ഡബിൾ ഡക്കർ എസി ബസ് വിജയകരമാണ്. ഒരുമാസം പിന്നിട്ടപ്പോൾ 13,13,400 രൂപയുടെ നേട്ടം ഉണ്ടായി. കെഎസ്ആർടിസി ജീവനക്കാർ തന്നെ രൂപകൽപ്പന ചെയ്തു നിർമിച്ച ബസാണ് എന്നത് മറ്റൊരു പ്രത്യേകതയാണ്- ഗണേശ് പറഞ്ഞു.
വൈപ്പിൻ ഗോശ്രീ ജംക്‌ഷനിൽ നടന്ന പരിപാടിയിൽ കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സരിത സനിൽ, വൈപ്പിൻ പഞ്ചായത്ത് പ്രസിഡന്‍റ് തുളസി സോമൻ, ജില്ലാ പഞ്ചായത്ത് മെംബർ എം.വി. ഷൈനി, വിവിധ പഞ്ചായത്ത് പ്രസിഡന്‍റുമാർ, സിനിമാതാരങ്ങളായ അന്ന ബെൻ, പൗളി വിൽസൺ, അബ്ദുൽ മജീദ്, തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം, ജനപ്രതിനിധികൾ, രാഷ്‌ട്രീയ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.