
അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം; പൊലീസ് കുറ്റപത്രം ശനിയാഴ്ച സമർപ്പിക്കും
കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവായ നോബിക്കെതിരെയുളള അന്വേഷണം പൂർത്തിയാക്കി പൊലീസ് കുറ്റപത്രം ശനിയാഴ്ച സമർപ്പിക്കും. ഭർത്താവിൽ നിന്നുളള ശാരീരികവും മാനസികവുമായ പീഡനങ്ങളാണ് ഷൈനിയുടെയും രണ്ട് മക്കളുടെയും ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുറ്റപത്രത്തിൽ പൊലീസ് വ്യക്തമാക്കുന്നത്.
ഷൈനിയും മക്കളും വീട് വിട്ടിറങ്ങിയിട്ടും പിന്തുടർന്ന് ഉപദ്രവിച്ചെന്നും, മരിക്കുന്നതിന്‍റെ തലേ ദിവസം ഷൈനിയെ നോബി വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. ഭർത്താവ് നോബി ലൂക്കോസാണ് കേസിലെ ഏക പ്രതി. സാക്ഷിമൊഴികളും മൊബൈൽ ഫോൺ വിവരങ്ങളും ഉൾപ്പെടെയുളള തെളിവുകൾ പ്രതിക്കെതിരേ ലഭിച്ചിട്ടുണ്ട്. പ്രതിക്കെതിരായ മുൻ കേസുകളിലെ തെളിവുകളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഏറ്റുമാനൂർ പൊലീസ് സമർപ്പിക്കുന്ന കുറ്റപത്രത്തിൽ അമ്പതോളം സാക്ഷികളുടെ മൊഴികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഷൈനിയുടെ മകനും ട്രെയിൻ ഓടിച്ച ലോക്കോപൈലറ്റും ഇതിൽ സാക്ഷികളാണ്. 170 ആം ദിവസമാണ് അന്വേഷണ സംഘം കുറ്റപത്രം നൽകുന്നത്.
ഏറ്റുമാനൂരിന് സമീപം പാറോലിക്കലില്‍ ഫെബ്രുവരി 28-ന് പുലര്‍ച്ചെയാണ് ഷൈനിയും മക്കളായ അലീന, ഇവാന എന്നിവര്‍ തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കിയത്.