"1000 കോടി പിഴ ഈടാക്കാനുള്ള ടാർഗറ്റ് അല്ല..." വിശദീകരണവുമായി മോട്ടോർ വാഹന വകുപ്പ്

ഇതിനെ പിഴ പിരിക്കുന്നതിനുള്ള നിർദ്ദേശം എന്ന് വ്യാഖ്യാനിക്കുന്നത് നിർഭാഗ്യകരമാണ് .നിർദ്ദേശത്തിൽ ഒരിടത്തും പിഴയീടാക്കണമെന്ന് പറയുന്നില്ല
"1000 കോടി പിഴ ഈടാക്കാനുള്ള ടാർഗറ്റ് അല്ല..." വിശദീകരണവുമായി  മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: 1000 കോടി പിഴ ഈടാക്കാന്‍ നിർദ്ദേശം നൽകിയെന്ന വാർത്ത വ്യാജമെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വിശദീകരണവുമായി മോട്ടോർ വാഹന വകുപ്പ്. വർഷാവർഷം ബഡ്ജറ്റ് എസ്റ്റിമേറ്റ് പുതുക്കുകയെന്നതും നികുതി വരുമാനം വർധിപ്പിക്കുക എന്ന സ്വാഭാവിക നടപടിക്രമത്തെ എത്ര ലാഘവത്തോടെയാണ് ഇവിടെ തെറ്റിദ്ധരിപ്പിക്കപ്പെടുന്നതെന്നാണ് മോട്ടോർ വാഹന വകുപ്പ് ഫെയ്സ്ബുക്കിൽ കുറിച്ചത്.

ബഡ്ജറ്റ് എസ്റ്റിമേറ്റ് പുതുക്കി നിശ്ചയിക്കുക എന്നത് ഒരു സ്വാഭാവിക സർക്കാർ നടപടിക്രമം മാത്രമാണ് . മോട്ടോർ വാഹന വകുപ്പിൽ മാത്രമല്ല റവന്യൂ വരുമാനം നേടുന്ന എല്ലാ വകുപ്പുകളിലും ഇത്തരത്തിൽ റിവൈസ്ഡ് എസ്റ്റിമേറ്റ് നൽകാറുണ്ട്. അത്തരത്തിൽ ലഭിക്കുന്ന സർക്കാർ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനായി തന്റെ കീഴിലുളള ഓഫീസിലേക്ക് അയച്ചു നൽകുക എന്നത് ഒരു ഭരണ നിർവ്വഹണ പ്രക്രിയ മാത്രമാണ് .അതിനെ പിഴ പിരിക്കുന്നതിനുള്ള നിർദ്ദേശം എന്ന് വ്യാഖ്യാനിക്കുന്നത് നിർഭാഗ്യകരമാണ് . നിർദ്ദേശത്തിൽ ഒരിടത്തും പിഴയീടാക്കണമെന്ന് പറയുന്നില്ല- കുറിപ്പിൽ പറയുന്നു.

മോട്ടോർ വാഹന വകുപ്പിൽ ഓരോ ഓഫീസിനും ടാർജറ്റ് നൽകാറുണ്ട്. ഇത് പിഴ പിരിക്കുന്നതിനല്ല, ഫീസ്, ടാക്സ് തുടങ്ങിയ വകുപ്പിന്റെ വരുമാനമാർഗ്ഗത്തോടൊപ്പം തന്നെ കുടിശ്ശികയായ നികുതി പിരിച്ചെടുക്കുന്നതിനാണ് . റോഡ് സുരക്ഷയ്ക്കായി നൂതന ആശയങ്ങൾ നടപ്പിലാക്കി വരുന്ന കാലഘട്ടമാണിത് . റോഡ് നിയമങ്ങൾ പാലിക്കുന്ന ഒരാളിനും പിഴ ഒടുക്കേണ്ടി വരില്ല. അത് നല്ല റോഡ് സംസ്കാരത്തിന് തുടക്കമിടും. നമുക്ക് ഒന്നായി നമ്മുടെ റോഡുകൾ സുരക്ഷിതമാക്കണമെന്നും മോട്ടോർ വാഹന വകുപ്പ് വിശദീകരിക്കുന്നു.

ജനങ്ങളിൽ നിന്നും ഈ വർഷം 1000 കോടി രൂപ പിരിച്ചെടുക്കണം എന്ന രീതിയിൽ മോട്ടോർ വാഹന വകുപ്പിനെ ടാർഗറ്റ് നൽകിയിതായുള്ള വാർത്ത വ്യാപകമായി പ്രചരിച്ചിരുന്നു. ഗതാഗത നിയമം ലംഘിക്കുന്നവരിൽ നിന്നായി ഈ തുക പിടിച്ചെടുക്കണമെന്നായിരുന്നു നിർദേശം നൽകിയിരുന്നത്. ഈ വാർത്തകൾക്കെതിരെയുള്ള വിശദീകരണമായാണ് എംവിഡി ഇപ്പോൾ ഫെയ്സ്ബുക്കിലൂടെ വിശദീകരിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com