വി.ഡി. സതീശനെതിരേ കോൺഗ്രസിൽ പടയൊരുക്കം

പ്രതിപക്ഷ നേതാവിന്‍റെ ഒറ്റയാൻ പോക്കിൽ സംസ്ഥാനത്തെ ഒട്ടുമിക്ക കോൺഗ്രസ് നേതാക്കൾക്കും അതൃപ്തിയുണ്ടെന്നാണ് സൂചന
സതീശനെതിരേ കോൺഗ്രസിൽ പടയൊരുക്കം | Move against VD Satheesan in Congress
വി.ഡി. സതീശന്‍

file image

Updated on

സ്വന്തം ലേഖകൻ

കൊച്ചി: സംസ്ഥാന കോൺഗ്രസിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ചേരിപ്പോര് രൂക്ഷമാകുന്നു. ഇത്തവണ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഉന്നമിട്ടാണ് നീക്കങ്ങൾ സജീവമാകുന്നത്. പ്രതിപക്ഷ നേതാവിന്‍റെ ഒറ്റയാൻ പോക്കിൽ സംസ്ഥാനത്തെ ഒട്ടുമിക്ക കോൺഗ്രസ് നേതാക്കൾക്കും അതൃപ്തിയുണ്ടെന്നാണ് സൂചന. ഇതു മുതലെടുത്താണ് യൂത്ത് കോൺഗ്രസ് നേതാക്കളുടെയും സൈബർ കോൺഗ്രസുകാരും സതീശനെതിരേ പടയൊരുക്കുന്നത്.

കെ. സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നിൽ സതീശന്‍റെ പിടിവാശിയാണെന്ന തിരിച്ചറിവിൽ സുധാകരൻ പക്ഷക്കാരും ഈ നീക്കത്തെ അനുകൂലിക്കുന്നുണ്ട്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നിലപാടാണ് കോൺഗ്രസിലെ സൈബർ പോരാളികളെ സതീശനെതിരേ തിരിയാൻ പ്രേരിപ്പിച്ചത്. രാഹുലിനെ പ്രതിസന്ധിയിലാക്കിയ വെളിപ്പെടുത്തലിന് പിന്നിൽ സതീശനാണെന്ന ഉറച്ച വിശ്വാസത്തിലാണ് യൂത്ത് കോൺഗ്രസും എ ഗ്രൂപ്പും.

ആരോപണം ഉന്നയിച്ച നടിയും സതീശനുമായുള്ള ആത്മബന്ധമാണ് ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നത്. സതീശന്‍റെ അറിവില്ലാതെ നടി അത്തരമൊരു വെളിപ്പെടുത്തൽ നടത്തില്ലെന്ന് പാർട്ടിയിലെ പ്രമുഖ നേതാക്കളടക്കം ഉറച്ചുവിശ്വസിക്കുന്നു.

ഷാഫി പറമ്പിൽ - രാഹുൽ മാങ്കൂട്ടത്തിൽ സഖ്യം പാർട്ടിയിൽ പിടിമുറുക്കിയതും പ്രതിപക്ഷ നേതാവിനെ പോലും കണക്കിലെടുക്കാതെയുള്ള പ്രവർത്തനങ്ങളുമാണ് സതീശനെ ചൊടിപ്പിച്ചതെന്ന് സൈബർ കോൺഗ്രസുകാർ പറയുന്നു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് കാലത്ത് പി.വി. അൻവറിനെ സന്ദർശിച്ചതോടെ രാഹുലും ഷാഫിയും സതീശന്‍റെ കണ്ണിലെ കരടായിരുന്നു. മലബാർ മേഖലയിൽ ഷാഫി- രാഹുൽ സഖ്യം സ്വാധീനം ഉറപ്പിക്കുന്നതിനെയും സംശയത്തോടെയാണ് സതീശൻ ക്യാംപ് കാണുന്നത്.

അതേസമയം, കോൺഗ്രസിൽ നിന്ന് പ്രമുഖ നേതാക്കളാരും സതീശനെതിരായ നീക്കത്തെ പ്രതിരോധിക്കാൻ ഇറങ്ങിയിട്ടില്ല. റോജി എം. ജോൺ എംഎൽഎ മാത്രമാണ് പ്രതിപക്ഷ നേതാവിന് സംരക്ഷണ കവചം തീർത്തത്. മുതിർന്ന നേതാക്കളുടെ നിസംഗത സതീശൻ അനുകൂലികളുടെ പ്രതിഷേധനത്തിന് ഇടയാക്കിയിട്ടുണ്ട്. അതിനിടെ, പ്രതിപക്ഷ ഭിന്നിപ്പ് മുതലാക്കാനുള്ള ശ്രമത്തിലാണ് സിപിഎം. വ്യാജ ഐഡികളിലൂടെ സിപിഎം സമൂഹ മാധ്യമ ഹാൻഡിലുകളും പ്രതിപക്ഷ നേതാവിനെതിരെ നീക്കത്തിൽ പങ്കാളികളാകുന്നു. വി.ഡി. സതീശനെതിരേ തുടർച്ചയായി സമൂഹ മാധ്യമ പോസ്റ്റുകളും വാർത്തകളും പ്രചരിപ്പിക്കണമെന്ന പറവൂരിൽ ചേർന്ന സിപിഎം യോഗത്തിലെ തീരുമാനം പുറത്തുവന്നിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com