കൈകോർത്ത് മനുഷ്യത്വം: റഹീമിന്‍റെ മോചനത്തിനായി 34 കോടി രൂപ സമാഹരിച്ചു

കൈയ്യബദ്ധം മൂലം സൗദി ബാലൻ മരിക്കാനിടയായ സംഭവത്തിലാണ് അബ്ദുൽ റഹീം 18 വർഷമായി ജയിൽ ശിക്ഷ അനുഭവിക്കുന്നത്
കൈകോർത്ത് മനുഷ്യത്വം: റഹീമിന്‍റെ മോചനത്തിനായി 34 കോടി രൂപ സമാഹരിച്ചു

കോഴിക്കോട്: പ്രവാസികളും നാട്ടുകാരും ഒറ്റക്കെട്ടായി കൈകോർത്തപ്പോൾ വധശിക്ഷയിൽ നിന്നു രക്ഷപ്പെട്ട് അബ്ദുൽ റഹീം തിരിച്ചുവരാൻ വഴിയൊരുങ്ങുന്നു. സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ മോചിപ്പിക്കാൻ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിനു നൽകേണ്ട "ബ്ലഡ് മണിയായ' 34 കോടി രൂപ എന്ന വലിയ ലക്ഷ്യം സാധ്യമായി.

മരണത്തിന് തൊട്ടരുകിൽ നിന്ന് അബ്ദുൽ റഹീമിന് മോചനമാകുകയാണ്. അവിടത്തെ കോടതി ജയിൽ ശിക്ഷ പോലും വേണ്ടെന്നുവച്ച് വെറുതെ വിട്ടാൽ നാട്ടിലേക്ക് ഉടൻ തിരിച്ചുവരാം. 18 വർഷമായി മകനെ കാത്തിരിക്കുന്ന 75കാരിയായ മാതാവ് ഫാത്തിമയ്ക്കും കണ്ണീർ തോരും.

കഴിഞ്ഞ മാസം കേവലം ഒരു കോടി രൂപ സമാഹരിക്കാന്‍ കഴിഞ്ഞിടത്തു നിന്നാണ് നാട് ഒരുമിച്ചപ്പോള്‍ ഒരു മാസം കൊണ്ട് 30 കോടിയിലേക്ക് എത്തിയത്. 4 ദിവസം മുമ്പ് വെറും 5 കോടി രൂപ മാത്രമായിരുന്നു സഹായമായി ജനകീയ സമിതിക്ക് ലഭിച്ചത്. മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വാർത്ത വന്നതോടെ മനുഷ്യസ്നേഹികൾ കൈയയച്ച് സഹായിച്ചു. പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരും ഒട്ടേറെ സന്നദ്ധ പ്രവർത്തകരും റഹീമിന്‍റെ മോചനത്തിനായി നേരിട്ടിറങ്ങി. പണം സമാഹരിക്കാൻ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ യാചകയാത്ര നടത്തുകയാണ് ബോബി ചെമ്മണ്ണൂർ. പ്രവാസികളും വലിയ തോതിൽ സഹായിച്ചു. വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസുമായിരുന്നു ജനകീയ സമിതിയുടെ രക്ഷാധികാരികൾ. ആവശ്യത്തിലേറെ പണം കിട്ടിയെന്നും ഇനി പണം ആരും അയയ്ക്കേണ്ടതില്ലെന്നും സമിതി ഭാരവാഹികൾ അറിയിച്ചിട്ടുമുണ്ട്.

2006ൽ റിയാദിൽ ഡ്രൈവർ ജോലിക്കെത്തിയ അബ്ദുൽ റഹീമിന്‍റെ സ്പോൺസർ ഫായിസ് അബ്ദുല്ല അബ്ദുറഹ്‌മാൻ അൽശഹ്‌രിയുടെ മകനായ 15കാരൻ അനസ് അൽശഹ്‌രിയാണ് കൊല്ലപ്പെട്ടത്. ചലനശേഷിയില്ലാത്ത അനസിനെ ശുശ്രൂഷിക്കലായിരുന്നു അബ്ദുൾ റഹീമിന്‍റെ പ്രധാന ജോലി. കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണത്തിലൂടെയാണ് അനസിന് ഭക്ഷണവും വെള്ളവുമെല്ലാം നൽകിയിരുന്നത്. അനസുമായി വാഹനത്തിൽ പോകുന്നതിനിടെ കഴുത്തിലെ ഉപകരണത്തിൽ അബ്ദുൾ റഹീമിന്‍റെ കൈ തട്ടിയതോടെ കുട്ടി മരിച്ചു. ജോലിക്കെത്തി ഒരുമാസം തികയും മുമ്പേയായിരുന്നു സംഭവം.

ഇവിടെ പിരിച്ചെടുത്ത പണം സൗദിയിലേക്ക് എത്തിക്കാനും അനസിന്‍റെ കുടുംബത്തിനു കൈമാറാനുമുള്ള ശ്രമം എംബസി മുഖേന നടക്കുകയാണ്. ഇതിനു കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്‍റെ പ്രത്യേക അനുമതി ലഭിക്കേണ്ടതുണ്ട്. അതു വൈകാതെ ലഭിക്കുമെന്നാണു സൂചന. അബ്ദുൾ റഹിം കഴിഞ്ഞ ദിവസം കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com