
രാജ്മോഹൻ ഉണ്ണിത്താൻ
കോഴിക്കോട്: മുൻ നിലമ്പൂർ എംഎൽഎ പി.വി. അൻവറിനെ രൂക്ഷമായി വിമർശിച്ച് കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ. അൻവർ പി.സി. ജോർജിന്‍റെ നിലവാരത്തിലെത്തിയെന്നും നാവടക്കണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. പാർട്ടിയെ ഭീഷണിപ്പെടുത്തി ശ്രമങ്ങൾ അംഗീകരിപ്പിക്കാനുള്ള അന്‍വറിന്‍റെ ശ്രമം അംഗീകരിക്കില്ലെന്നും അൻവർ സ്വയം ശാന്തമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധിയെ കുറിച്ചുള്ള ഡിഎൻഎ പരാമർശവും കെ.സി. വേണുഗോപാലിനെ കുറിച്ചും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ കുറിച്ച് പറഞ്ഞതും സമൂഹത്തിന്‍റെ മുമ്പിലുണ്ടെന്നും അതെല്ലാം പൊറുത്തും സഹിച്ചുമാണ് അൻവറിനെ സഹകരിക്കാൻ തീരുമാനിച്ചെതെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
''കോൺഗ്രസ് നേതാക്കൾ നടത്തിയ ചർച്ചകൾക്കൊടുവിലാണ് നിലമ്പൂരിൽ ആര‍്യാടൻ ഷൗക്കത്തിനെ കോൺഗ്രസ് സ്ഥാനാർഥിയായി ഹൈകമാൻഡ് പ്രഖ‍്യാപിച്ചത്. സ്ഥാനാർഥിക്ക് പിന്തുണ ആർക്ക് വേണമെങ്കിലും നൽകാം. എന്നാൽ ഒരു വ‍്യക്തിയെയോ സംഘടനയെയോ യുഡിഎഫിലെടുക്കണമെങ്കിൽ ചർച്ച വേണം. ഒരാൾക്ക് മാത്രം തീരുമാനിക്കാനാവില്ല''. രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
ഹൈകമാൻഡ് പ്രഖ‍്യാപിച്ച സ്ഥാനാർഥിയെ മാറ്റുമെന്ന് കരുതുന്നുണ്ടോയൊന്നും അത് സ്വപ്നത്തിൽ പോലും നടക്കാത്ത കാര‍്യമാണെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരിലെ കോൺഗ്രസ് സ്ഥാനാർഥിയെ പരസ‍്യമായി അൻവർ വിമർശിച്ചിരുന്നു. ഈ സാഹചര‍്യത്തിലാണ് അൻവറിനെ രൂക്ഷമായി വിമർശിച്ച് രാജ്മോഹൻ ഉണ്ണിത്താൻ രംഗത്തെത്തിയിരിക്കുന്നത്.