സഹപ്രവർത്തകനെതിരേ വ്യാജ മൊഴി: എഡിജിപി എം.ആർ. അജിത് കുമാറിനെതിരേ നടപടിക്ക് ശുപാർശ

എഡിജിപി പി. വിജയന് സ്വർണം കള്ളക്കടത്തുമായി ബന്ധമുണ്ടെന്നായിരുന്നു അജിത് കുമാറിന്‍റെ മൊഴി
MR Ajith Kumar IPS can be booked, DGP report

എം.ആർ. അജിത് കുമാർ

Updated on

തിരുവനന്തപുരം: എഡിജിപി പി. വിജയനെതിരേ വ്യാജ മൊഴി ഒപ്പിട്ടു നൽകിയെന്ന ആരോപണത്തിൽ എഡിജിപി എം.ആർ. അജിത് കുമാറിനെതിരേ കേസെടുക്കാമെന്ന് ഡിജിപി ഷേക്ക് ദർവേഷ് സാഹിബ്. വിഷയത്തിൽ സർക്കാർ വിശദീകരണം തേടിയതിനെത്തുടർന്നാണ്, നടപടിയെടുക്കാമെന്നു കാണിച്ച് ഡിജിപി മറുപടി നൽകിയിരിക്കുന്നത്.

പി. വിജയന് സ്വർണം കള്ളക്കടത്തുമായി ബന്ധമുണ്ടെന്നായിരുന്നു അജിത് കുമാറിന്‍റെ മൊഴി. എസ്‌പി സുജിത് ദാസിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഡിജിപി ഇത്തരത്തിൽ മൊഴി നൽകിയതെന്നാണ് സൂചന. എന്നാൽ, സുജിത് ദാസ് പിന്നീട് ഇക്കാര്യം നിഷേധിച്ചതോടെ ഫലത്തിൽ അജിത് കുമാറിന്‍റേത് വ്യാജ മൊഴിയായി മാറി.

ഇതെത്തുടർന്ന് അജിത് കുമാറിനെതിരേ നിയമ നടപടി ആവശ്യപ്പെട്ട് പി. വിജയൻ സംസ്ഥാന സർക്കാരിനു കത്ത് നൽകി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഡിജിപിയോട് സർക്കാർ വിശദീകരണം തേടിയും, ഡിജിപി ഇപ്പോൾ മറുപടി നൽകിയിരിക്കുന്നതും.

അജിത് കുമാറിനെതിരേ സിവിലായോ ക്രിമിനലായോ കേസെടുക്കാമെന്നാണ് ഡിജിപിയുടെ റിപ്പോർട്ട്. വ്യാജ മൊഴി ഒപ്പിട്ടു നൽകുന്നത് ക്രിമിനൽ കുറ്റമാണെന്നും ഇതിൽ ചൂണ്ടിക്കാട്ടുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിന്‍റെ തീരുമാനപ്രകാരമായിരിക്കും ഇക്കാര്യത്തിലെ തുടർ നടപടികൾ.

സ്വർണം കള്ളക്കടത്തുമായി അജിത് കുമാറിനു ബന്ധമുണ്ടെന്ന് പി.വി. അൻവർ എംഎൽഎ നേരത്തെ ആരോപണമുന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പി. വിജയന്‍റെ പേര് അജിത് കുമാർ ഇതിൽ ഉൾപ്പെടുത്താൻ ശ്രമിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com