തിരുവനന്തപുരം: പി.വി. അന്‍വറിന്‍റെ ആരോപണങ്ങളെ തുടർന്ന് എഡിജിപി എം.ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നു മാറ്റാന്‍ ആഭ്യന്തര വകുപ്പിന്‍റെ തീരുമാനം. പകരം ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയായി ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനെ നിയമിക്കുമെന്നാണ് സൂചന. ജയില്‍ മേധാവി ബല്‍റാം കുമാർ ഉപാധ്യായയും പരിഗണിക്കപ്പെടുന്നുണ്ട്.
അജിത് കുമാറിനെതിരായ ആരോപണത്തിൽ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തുമെന്ന് തിങ്കളാഴ്ച മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. കോട്ടയത്ത് പൊലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ എഡിജിപി അടക്കം വേദിയിലിരിക്കെയാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. ഇതിനായി സീനിയര്‍ ഡിജിപിമാരായ എ പത്മകുമാര്‍, യോഗേഷ് ഗുപ്ത എന്നിവരിലാരുടെയെങ്കിലും നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എം.ആര്‍. അജിത് കുമാറിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബും സമീപകാലത്ത് കടുത്ത അതൃപ്തിയിലായിരുന്നു എന്നാണ് വിവരം. സമീപകാലത്ത് ഉയര്‍ന്ന ആരോപണങ്ങളില്‍ മുന്‍വിധിയില്ലാതെ അന്വേഷണം നടത്തുമെന്നും പത്തനംതിട്ട എസ്പി എസ്. സുജിത് ദാസിനെതിരേ ശക്തമായ നടപടിയുണ്ടാകുമെന്ന സൂചനയും മുഖ്യമന്ത്രി നല്‍കി.