പ്രായമായെന്ന് ആക്ഷേപിക്കുന്നവരേ, അവഗണിക്കപ്പെട്ടവരുടെ ശബ്ദമായി ഈ മനുഷ്യൻ എന്നുമുണ്ടാവും; പിണറായിക്ക് പിറന്നാളാശംസയുമായി റിയാസ്

"കോരന്‍റെ മകനെ അംഗീകരിക്കാനാവാത്ത ഫ്യൂഡൽ വരേണ്യതയും കോർപ്പറേറ്റ് മാധ്യമങ്ങളും നിരന്തരമായി സഖാവിനെ ആക്രമിച്ചുകൊണ്ടേയിരിക്കുകയാണ്"
muhammad riyas birthday wishes for pinarayi vijayan

പിണറായി വിജയന് പിറന്നാളാശംസകളുമായി മുഹമ്മദ് റിയാസ്

മുഹമ്മദ് റിയാസ് ഫെയ്സ് ബുക്കിൽ പങ്കുവച്ച ചിത്രം

Updated on

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന് ജന്മദിനാശാംസകളുമായി എംഎൽഎ പി.എ. മുഹമ്മദ് റിയാസ്. തളരാത്ത മനസിനും പതറാത്ത നിലപാടുകൾക്കും ജന്മദിനാശംസകൾ എന്ന് റിയാസ് ഫെയ്സ് ബുക്കിൽ കുറിച്ചു.

കോരന്‍റെ മകനെ അംഗീകരിക്കാനാവാത്ത ഫ്യൂഡൽ വരേണ്യതയും കോർപ്പറേറ്റ് മാധ്യമങ്ങളും നിരന്തരമായി സഖാവിനെ ആക്രമിച്ചുകൊണ്ടേയിരിക്കുകയാണെന്നും മുഖ്യമന്ത്രിയിൽ നിന്ന് പ്രതിപക്ഷനേതാവാകുന്ന ആദ്യ ആളല്ല പിണറായി വിജയനെന്നും റിയാസ് കുറിച്ചു. പ്രായമായെന്ന് പറഞ്ഞ് ആക്ഷേപിക്കുന്നവരേ, അവഗണിക്കപ്പെട്ടവരുടെ ശബ്ദമായി ഈ മനുഷ്യൻ ഇനിയുമുണ്ടാകുമെന്നും അദ്ദേഹം പറയുന്നു.

ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ...

തളരാത്ത മനസ്സിനും

പതറാത്ത നിലപാടുകൾക്കും

ജന്മദിനാശംസകൾ.

കോരന്‍റെ മകനെ അംഗീകരിക്കാനാവാത്ത

ഫ്യൂഡൽ വരേണ്യതയും കോർപ്പറേറ്റ് മാധ്യമങ്ങളും

നിരന്തരമായി സഖാവിനെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു.

പ്രസ്ഥാനത്തിനുമപ്പുറം ഈ മനുഷ്യന് നിലപാടില്ല എന്നത് കൊണ്ടാണ് ആക്രമത്തിന് ഇളവ് നൽകാത്തതെന്നറിയാം.

സകല മര്യാദകളും ലംഘിച്ച് അപവാദ പ്രചരണങ്ങൾ തുടർന്നു കൊണ്ടേയിരിക്കുന്നു.

വ്യക്തിപരമായി അധിക്ഷേപിച്ച്

തകർത്തുകളയാൻ എല്ലാ അടവുകളും പയറ്റിക്കൊണ്ടേയിരിക്കുന്നു.

മുഖ്യമന്ത്രി പദത്തിൽ ഇരുന്നയാൾ ഉടനെ പ്രതിപക്ഷ നേതാവായത് എന്തോ പുതിയ സംഭവമായാണ് ഇപ്പോഴുള്ള പ്രചരണം.

സഖാക്കൾ ഇഎംഎസ്സും ഇകെ നായനാരും വിഎസ്സും ഇങ്ങനെ ആയത് അറിയാത്തവരല്ലല്ലോ ഈ പ്രചാരകർ.

ഞങ്ങളെ സംബന്ധിച്ചിടത്തോളം ആര് എന്ത് ചുമതല നിർവ്വഹിക്കണമെന്ന് തീരുമാനിക്കുന്നത് പാർട്ടിയാണ്.

ഇനി ഒന്ന് ഓർമ്മിപ്പിച്ചോട്ടെ,

UDFൽ കെ കരുണാകരനും എ. കെ. ആൻ്റണിയും ഉമ്മൻചാണ്ടിയും ഇങ്ങനെ ആയതല്ലേ ?

എങ്ങിനെ വേണമെങ്കിലും നിങ്ങൾ വളഞ്ഞിട്ടടിച്ചോളൂ പക്ഷേ,

ജനമനസിൽ സഖാവ്‌ അന്നും ഇന്നും എന്നും പോരാട്ടത്തിന്‍റെ പ്രതീകമാണ്.

എക്കാലവും പ്രസ്ഥാനത്തിനുവേണ്ടി മാത്രം നിലകൊണ്ടതിനാണ്, വിട്ടുവീഴ്ചയില്ലാതെ നിലപാടു പറഞ്ഞതിനാണ് ഈ ആക്രമണമെന്ന് അറിയാം.

പ്രായമായെന്ന് പറഞ്ഞ് ആക്ഷേപിക്കുന്നവരേ...

അവഗണിക്കപ്പെട്ടവരുടെ ശബ്ദമായി ഈ മനുഷ്യൻ ഇനിയുമുണ്ടാകും,

കൂടെ പോരാടാൻ ഞങ്ങളും

logo
Metro Vaartha
www.metrovaartha.com