
മൂവായിരത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചു; മുല്ലപ്പെരിയാർ ഡാം ഉടൻ തുറന്നേക്കും
file image
കട്ടപ്പന: മഴ കനത്തതോടെ മുല്ലപ്പെരിയാർ ഡാം ശനിയാഴ്ച തുറന്നേക്കുമെന്ന് ജില്ലാ ഭരണ കൂടം. പരമാവധി ശേഷിയായ 136 അടിയിലേക്ക് ജലനിരപ്പ് ഉയർന്നതോടെയാണ് ഷട്ടറുകൾ തുറക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചത്. തീരപ്രദേശങ്ങളിലുള്ളവരോട് സുരക്ഷിത സ്ഥലത്തേക്ക് മാറാൻ ജില്ലാ ഭരണ കൂടം നിർദേശം നൽകി.
മാറിത്താമസിക്കുന്നവര്‍ക്കു വേണ്ടി ഇരുപതിലധികം ക്യാംപുകൾ സജ്ജീകരിച്ചിട്ടുണ്ട്. കാഞ്ചിയാർ, ആനവിലാസം, ഉടുമ്പഞ്ചോല എന്നിവിടങ്ങളിലെ നിന്ന് 883 കുടുംബങ്ങളിലെ 3,220 പേരെയാണ് മാറ്റുക.
വെള്ളിയാഴ്ച രാത്രി 8 മണിക്ക് മുൻപ് സുരക്ഷിതസ്ഥാനത്തേക്ക് മാറണമെന്ന് ജില്ലാ കലക്റ്റർ വി. വിഗ്നേശ്വരി റവന്യൂ, പൊലീസ് അധികാരികൾക്ക് നിർദേശം നൽകിയിരുന്നു.
പകൽ സമയത്ത് മാത്രമേ ഷട്ടറുകൾ തുറക്കാനാവൂ എന്ന് തമിഴ്നാടിനോട് കേരളം അഭ്യർഥിച്ചു. വെള്ളിയാഴ്ച രാത്രി വരെ ജലനിരപ്പ് 135.60 അടിവരെ എത്തിയിരുന്നു. വൃഷ്ടി പ്രദേശങ്ങൾ മഴ കനത്താൽ വേഗത്തിൽ ജലനിരപ്പ് ഉയർന്നേക്കാം.