മുനമ്പം: ബിജെപി കുളം കലക്കിയെന്ന് മുഖ്യമന്ത്രി

പ്രശ്നപരിഹാരത്തിന് സുപ്രീം കോടതിയിൽ നിയമ പോരാട്ടം തുടരണമെന്നാണ് കേന്ദ്രമന്ത്രി പറയുന്നത്.
Munambam: Chief Minister says BJP has stirred up trouble
മുഖ്യമന്ത്രി പിണറായി വിജയൻ
Updated on

തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ ബിജെപി കുളം കലക്കി മീൻപിടിക്കാൻ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാ വിരുദ്ധമായ വഖഫ് ബിൽ പാർലമെന്‍റിൽ പാസാക്കിയ സവിശേഷ സാഹചര്യത്തെ മുൻനിർത്തി ദുഷ്ടലാക്കോടെ രാഷ്‌ട്രീയ ലാഭം കൊയ്യാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. ദൗർഭാഗ്യവശാൽ പ്രതിപക്ഷം അതിന് പിന്തുണ നൽകുകയാണ് ഇവിടത്തെ പ്രതിപക്ഷ നേതാവിന്‍റെ വാക്കുകളിൽ ആ പിന്തുണയാണ് തെളിയുന്നതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

വഖഫ് നിയമ ഭേദഗതി ബിൽ മുനമ്പം വിഷയത്തിനു ശാശ്വത പരിഹാരമാണെന്ന ബിജെപിയുടെ പ്രചാരണം തട്ടിപ്പാണ്. അത് സംഘപരിവാറിന്‍റെ അജൻഡയാണ്. പുതിയ നിയമം ഭരണഘടനയുടെ 26ാം അനുച്ഛേദത്തിന്‍റെയും മതവിശ്വാസ സ്വാതന്ത്ര്യത്തിന്‍റെയും ഫെഡറലിസത്തിന്‍റെയുമെല്ലാം ലംഘനമാണ്. അങ്ങേയറ്റം ന്യൂനപക്ഷ വിരുദ്ധമായതും ഭൂരിപക്ഷ വർഗീയതയെ സംതൃപ്തിപ്പെടുത്തുന്നതുമായ ബില്ലാണത്. അത് തിരിച്ചറിഞ്ഞാണ് മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ ഭരണഘടനാ അവകാശങ്ങളെ ഹനിക്കുന്ന ബില്ലിനെതിരേ കേരള നിയമസഭ പ്രമേയം പാസാക്കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭരണഘടനാ വിരുദ്ധമായ ബിൽ പാർലമെന്‍റ് പാസാക്കിയ ശേഷം മുനമ്പത്തെ വിഷയത്തിനുള്ള ഒറ്റമൂലിയാണിതെന്ന ഒരു ആഖ്യാനം സംഘപരിവാർ വലിയ രീതിയിൽ പ്രചരിപ്പിച്ചു. അതിനു പിന്നിൽ കൃത്യമായ രാഷ്‌ട്രീയ ലക്ഷ്യങ്ങളും കണക്കുകൂട്ടലുകളും ഉണ്ടായിരുന്നു. വഖഫ് നിയമ ഭേദഗതി നിയമം വന്നതുകൊണ്ട് മുനമ്പത്ത് ഉന്നയിക്കപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരമാവുന്നില്ല.

നിയമ ഭേദഗതിക്ക് മുൻകാല പ്രാബല്യമില്ലെന്ന് കേന്ദ്രമന്ത്രി തന്നെ വ്യക്തമാക്കി. ഏറ്റവുമൊടുവിൽ കേന്ദ്ര മന്ത്രി കിരൺ റിജിജുവിനെ മുനമ്പത്തെത്തിച്ചാണ് കേരളത്തിൽ ബിജെപി രാഷ്‌ട്രീയ മുതലെടുപ്പിനുള്ള ശ്രമം നടത്തിയത്. കൊച്ചിയിൽ കിരൺ റിജിജുവിന്‍റെ വായിൽ നിന്നും സത്യം പുറത്തു വീണുപോയി. വഖഫ് നിയമ ഭേദഗതിയിലൂടെ മാത്രം മുനമ്പം ജനതയ്ക്ക് നീതി ലഭിക്കില്ലെന്നു കേന്ദ്ര മന്ത്രിക്ക് സമ്മതിക്കേണ്ടിവന്നു. അതോടെ ബിജെപി കെട്ടിഘോഷിച്ച വ്യാജ ആഖ്യാനങ്ങളെല്ലാം ഉടഞ്ഞു പോയി.

പ്രശ്നപരിഹാരത്തിന് സുപ്രീം കോടതിയിൽ നിയമ പോരാട്ടം തുടരണമെന്നാണ് കേന്ദ്രമന്ത്രി പറയുന്നത്. മുനമ്പം ജനതയെ പറഞ്ഞു പറ്റിക്കാനാണ് ബിജെപി ശ്രമിച്ചത്. മുനമ്പത്തെ ജനങ്ങളുടെ വിഷയങ്ങൾ ന്യായമാണ്. അതിന്‍റെ പരിഹാരത്തിനാണ് സംസ്ഥാന സർക്കാർ പരിശ്രമിക്കുന്നത്. അക്കാര്യത്തിൽ ആർക്കും സംശയം വേണ്ട. ആ ജനതയെ സംരക്ഷിക്കാനുള്ള എല്ലാ നടപടികളും സർക്കാർ കൈക്കൊള്ളും- മുഖ്യമന്ത്രി പറഞ്ഞു.

വഖഫ്: ലീഗിന് ഇരട്ടത്താപ്പ്

മുസ്‌ലിം ലീഗ് മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ എടുക്കുന്നത് ഇരട്ടത്താപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തളിപ്പറമ്പ് സർ സയ്യിദ് കോളെജുമായി ബന്ധപ്പെട്ട മുസ്‌ലിം ലീഗിന്‍റെ വിചിത്രമായ നിലപാട് വഖഫ് വിഷയം കാപട്യ പൂർണമായാണ് അവർ ഉപയോഗിക്കുന്നത് എന്ന് തെളിയിക്കുന്നു.

ഹൈക്കോടതിയിലെ ഒരു ഹർജിയിൽ ലീഗ് നേതൃത്വം നൽകിയിരിക്കുന്ന സത്യവാങ്മൂലത്തിൽ കോളെജ് സ്ഥിതി ചെയ്യുന്ന വസ്തു തളിപ്പറമ്പ് ജുമാ മസ്ജിദിന്‍റേതല്ലെന്നും, അത് നരിക്കോട് ഈറ്റിശേരി ഇല്ലം വകയാണ് എന്നുമുള്ള വിചിത്രമായ കണ്ടെത്തലാണ് ഉന്നയിച്ചത്.

പള്ളിയുടെ ഉടമസ്ഥതയിൽ വർഷങ്ങളായുള്ള ഭൂമി വഫഖ് പ്രോപ്പർട്ടി അല്ലെന്ന് നിലപാട് എടുക്കാൻ ലീഗ് നേതൃത്വത്തെ പ്രേരിപ്പിച്ച ചേതോവികാരം എന്താണെന്ന് എന്ന് അവർ തന്നെ വ്യക്തമാക്കണം. എന്തുകൊണ്ടാണ് വഖഫ് ഭൂമിയുടെ ഉടമസ്ഥാവകാശത്തിൽ ലീഗിന് പരസ്പരം വിരുദ്ധമായ നിലപാടുണ്ടാകുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com