മുനമ്പത്തേത് വഖഫ് ഭൂമി തന്നെ: വി.ഡി. സതീശനെ തള്ളി കെ.എം. ഷാജി, ഷാജിയെ തള്ളി കുഞ്ഞാലിക്കുട്ടി

മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നും മറിച്ചുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ അഭിപ്രായമല്ല മുസ്‌ലിം ലീഗിനെന്നും ലീഗ് നേതാവ് കെ.എം. ഷാജി. ആരും പാർട്ടിയാകാൻ നോക്കേണ്ടെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി.
KM Shaji
കെ.എം. ഷാജിfile
Updated on

മലപ്പുറം: മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നും മറിച്ചുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ അഭിപ്രായമല്ല മുസ്‌ലിം ലീഗിനെന്നും ലീഗ് നേതാവ് കെ.എം. ഷാജി.

''മുനമ്പം വിഷയം വിചാരിക്കുന്നതുപോലെ നിസ്സാരമായ ഒരു കാര്യമല്ല. വലിയൊരു പ്രശ്നമാണത്. അതിൽ വലിയ വിവാദങ്ങൾക്ക് സാധ്യതയുണ്ട്. പ്രതിപക്ഷ നേതാവ് പറഞ്ഞു അത് വഖഫ് ഭൂമിയല്ലെന്ന്. മുസ്‌ലിം ലീഗിന് ആ അഭിപ്രായമില്ല. അത് വഖഫ് ഭൂമിയല്ലെന്ന് പറയാൻ പറ്റില്ല. വഖഫ് ചെയ്തതിന് രേഖകളുണ്ട്. ഫാറൂഖ് കോളെജ് അധികൃതർ പറയുന്നത് അത് വഖഫ് ഭൂമിയല്ലെന്നാണ്. അവർക്ക് അതുപറയാൻ എന്ത് അവകാശമാണുള്ളത്? വഖഫ് ചെയ്യപ്പെട്ട ഭൂമി ആരാണ് അവര്‍ക്ക് വിട്ടുകൊടുത്തത്? ആരാണ് അതിനു രേഖയുണ്ടാക്കിയത്? അവരെ പിടിക്കേണ്ടത് മുസ്‌ലിം ലീഗാണോ? ഭരണകൂടമല്ലേ ചെയ്യേണ്ടത്?'' കെ.എം. ഷാജി ചോദിച്ചു.

മുസ്‌ലിം ലീഗ് പെരുവള്ളൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഷാജി. മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ലെന്നാണ് പ്രതിപക്ഷ നേതാവ് ആവർത്തിച്ച് വ്യക്തമാക്കുന്നത്. മുനമ്പം സമരവേദി സന്ദർശിച്ചപ്പോൾ വി.ഡി. സതീശൻ നടത്ത‌ിയ പ്രസംഗം വൈറലായിരുന്നു. കഴിഞ്ഞ ദിവസവും അദ്ദേഹം നിലപാട് ആവർത്തിച്ചിരുന്നു.

ദാനം കൊടുത്ത സമയത്ത് ആളുകള്‍ താമസിക്കുന്ന ഭൂമി വഖഫായി നല്‍കാനാവില്ലെന്നാണ് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടുന്നത്. വഖഫ് ഭൂമി എല്ലാക്കാലത്തും വഖഫ് ഭൂമിയായിരിക്കണം. നിബന്ധനകള്‍ വെച്ചുകൊണ്ട് വഖഫ് ആക്കാനാവില്ല. ദൈവത്തിന് നല്‍കുന്നതിന് നിബന്ധന വയ്ക്കാനാവില്ല- സതീശൻ വ്യക്തമാക്കി. സതീശന്‍റെ പ്രസ്താവന മുസ്‌ലിം സംഘടനകൾക്കിടയിൽ വ്യാപക വിമർശനത്തിനിടയാക്കിയിരിക്കുകയാണ്.

P.K. Kunhalikutty
പി.കെ. കുഞ്ഞാലിക്കുട്ടി

ആരും പാർട്ടിയാകാൻ നോക്കണ്ട: കുഞ്ഞാലിക്കുട്ടി

മുനമ്പം വഖഫ് ഭൂമിയല്ലെന്ന പ്രതിപക്ഷ നേതാവിന്‍റെ നിലപാട് തള്ളിയ കെ.എം. ഷാജിയെ തള്ളി മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ആരും പാർട്ടിയാകാൻ നോക്കേണ്ടെന്ന് ഷാജിയെ പേരെടുത്ത് പറയാതെ കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. ഇടതുപക്ഷവും ബിജെപിയും സാമുദായിക സ്പർധയുണ്ടാക്കാൻ ശ്രമിക്കുമ്പോൾ അതിതൽ ആരും പോയി പാർട്ടിയാകേണ്ടെന്നും വെറുതെ വിവാദമുണ്ടാക്കേണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുനമ്പത്ത് മുസ്‌ലിം ലീഗിന്‍റെ നിലപാട് സാദിഖലി തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. മുനമ്പം ചെറിയ വിഷയമായി ലീഗ് കരുതുന്നില്ല. റോമിലെത്തി പോപ്പിനെ കണ്ടതാണെന്നും ലീഗ് സ്വീകരിക്കുന്ന നിലപാട് ഇതില്‍ നിന്നു വ്യക്തമാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com