പെൻസിൽ വര അല്ല, വിള്ളൽ ഉരച്ചുനോക്കി പരിശോധിച്ച് മന്ത്രി കെ. രാജൻ | Video
കൽപ്പറ്റ: മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതർക്കായി സർക്കാർ നിർമിച്ചു നൽകുന്ന ടൗൺഷിപ്പിലെ ഒരു വീട്ടിൽ വിള്ളൽ കണ്ടെത്തിയത് വലിയ വാർത്തയായിരുന്നു. പിന്നാലെ റവന്യൂ മന്ത്രി കെ. രാജൻ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. വിള്ളൽ രേഖപ്പെടുത്തിയ ഭാഗങ്ങളിൽ മന്ത്രി തന്നെ നേരിട്ട് ഉരച്ചുനോക്കി പരിശോധന നടത്തുകയായിരുന്നു.
ഇത് വിള്ളലല്ലെന്നും പെൻസിൽ കൊണ്ട് വരച്ചതാണെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിതന്നെ നേരിട്ടെത്തി ഉരച്ചുനോക്കി സ്ഥിരീകരിച്ചത്. ഇതിലൂടെ വെള്ളം കിനിഞ്ഞിറങ്ങിവന്നത് മറയ്ക്കാൻ ശ്രമിച്ചത് മന്ത്രിക്ക് ബോധ്യമായി. വീട് കൈമാറിയതിന് ശേഷവും വിള്ളലിൽ കൂടി വെള്ളം ഇറങ്ങുന്ന സ്ഥിതിയുണ്ടായാൽ ഊരാളുങ്കൽ നടപടിയെടുക്കണമെന്നും അല്ലെങ്കിൽ കരാർ പ്രകാരമുള്ള പണം സർക്കാർ നൽകില്ലെന്നും കെ. രാജൻ പറഞ്ഞു.
രണ്ടിടങ്ങളിലാണ് നിലവിൽ വിള്ളൽ കണ്ടെത്തിയത്. അടുത്ത മാസത്തോടെ 178 വീടുകൾ താമസയോഗ്യമാക്കി കൈമാറുമെന്നാണ് മന്ത്രി പറയുന്നത്. ഒക്ടോബറിന് മുമ്പ് മുഴുവൻ വീടുകളും തീർത്ത് നൽകണമെന്നാണ് ഊരാളുങ്കലുമായുള്ള കരാർ. കരാർ പാലിച്ചില്ലെങ്കിൽ ഊരാളുങ്കലിനെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു.
അതേസമയം, വിള്ളലുണ്ടായ സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഊരാളുങ്കൽ സിഇഒ അരുൺ ബാബു അറിയിച്ചു. കെട്ടിടത്തിന്റെ ഘടനയിൽ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് കണ്ടെത്താൻ ശാസ്ത്രീയമായ പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
ഗൃഹനാഥനെ സാക്ഷിയാക്കിയായിരിക്കും തുടർന്നുള്ള പരിശോധനകൾ നടത്തുക. ടെറസ് മുഴുവൻ വാട്ടർ പ്രൂഫിങ് നടത്തുമെന്നും കൂടുതൽ ബലത്തിനായി ഫൈബർ കൂടി ചേർത്ത് റീ-കോൺക്രീറ്റിങ് നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.
ദുരന്തബാധിതരുടെ എല്ലാ ആശങ്കകളും പരിഹരിക്കുമെന്നും വീടിന്‍റെ പരിശോധനയ്ക്ക് ശേഷം ബാക്കി തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും ഊരാളുങ്കൽ അറിയിച്ചു.
