മൂന്നാർ ഗ്യാപ്പ് റോഡ്
ഫയൽ ഫോട്ടൊ
മൂന്നാർ ഗ്യാപ് റോഡ് അടച്ചു
ഇടുക്കി: പ്രതികൂല കാലാവസ്ഥയെത്തുടർന്ന് മൂന്നാർ ഗ്യാപ് റോഡ് പൂർണമായി അടച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് ജില്ലാ ഭരണകൂടത്തിന്‍റെ നടപടി.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ മുഴുവൻ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചുപൂട്ടാൻ ജില്ലാ കലക്റ്റർ ഉത്തരവിറക്കിയിരുന്നു. കൂടാതെ, മലയോര മേഖലയിലെ രാത്രിയാത്ര വൈകിട്ട് ഏഴു മണി മുതൽ രാവിലെ ആറു മണി വരെ അടിയന്തര സാഹചര്യങ്ങളിലൊഴികെ പൂർണമായും നിരോധിച്ചിട്ടുമുണ്ട്.
മണ്ണിടിച്ചിൽ, മരങ്ങള്‍ കടപുഴകി വീണ് അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത എന്നിവ ഒഴിവാക്കുന്നതിനായി കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിൽ നേര്യമംഗലം മുതല്‍ അടിമാലി വരെയുള്ള ഭാഗത്ത് രാത്രി 7 മണി മുതലുള്ള രാത്രികാല റോഡ് ഗതാഗതം നിരോധിച്ചിരുന്നു.
വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്റ്റര്‍ മുന്നറിയിപ്പ് നൽകി. വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിട്ടും ജില്ലയിലെ ചില പ്രദേശങ്ങളില്‍ ഉത്തരവ് ലംഘിച്ച് വിനോദസഞ്ചാരികളെയും വഹിച്ചുകൊണ്ട് ജീപ്പ് സവാരിയും ജീപ്പ് ട്രക്കിങ്ങും നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ജില്ലയിൽ കഴിഞ്ഞ ആറു ദിവസമായി അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മണ്ണിടിച്ചലിനും ഉരുൾപൊട്ടലിനും സാധ്യത കൂടുതലാണെന്ന് ജില്ലാ കലക്റ്റർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.