തണുത്തുറഞ്ഞ് മൂന്നാർ, താപനില മൈനസ് ഒന്നിൽ; ശബരിമലയിൽ ഈ സീസണിലെ ഏറ്റവും കൂടിയ തണുപ്പ്
തണുത്തുറഞ്ഞ് മൂന്നാർ, താപനില മൈനസ് ഒന്നിൽ; ശബരിമലയിൽ ഈ സീസണിലെ ഏറ്റവും കൂടിയ തണുപ്പ്
കൊച്ചി: ശബരിമലയിൽ ഈ സീസണിലെ ഏറ്റവും കൂടിയ തണുപ്പ് രേഖപ്പെടുത്തി. ശനിയാഴ്ച രാവിലെ പമ്പയിൽ 16 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്. അതേസമയം, മൂന്നാറിൽ താപനില മൈനസ് ഒന്നിലെത്തി. മൂന്നാർ ടൗണിനു സമീപമുള്ള കന്നിമല, സെവൻമല, വട്ടവട, പാമ്പാടുംഷോല എന്നിവിടങ്ങളിലാണ് ശനിയാഴ്ച പുലർച്ചെ താപനില മൈനസ് ഒന്ന് രേഖപ്പെടുത്തിയത്.
മൂന്നാർ ടൗണിൽ താപനില പൂജ്യമായിരുന്നു. നല്ലതണ്ണി, ലക്ഷ്മി, ചെണ്ടുവര എന്നിവിടങ്ങളിലും പൂജ്യം ഡിഗ്രിയായിരുന്നു താപനില. മാട്ടുപ്പെട്ടി, കുണ്ടള എന്നിവിടങ്ങളിൽ രണ്ടും സൈലന്റ്‌വാലി, ദേവികുളം, ഗ്യാപ് റോഡ് എന്നിവിടങ്ങളിൽ ഒന്നുമായിരുന്നു താപനില. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. തണുപ്പ് വർധിച്ചതോടെ നിരവധി സഞ്ചാരികളാണ് മൂന്നാറിലേക്ക് എത്തുന്നത്.
രാത്രിയിലും അതിരാവിലെയും തണുപ്പ് ആണെങ്കിലും പകൽ ചൂടിന് വലിയ കുറവൊന്നുമില്ലെന്ന് കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരിക്കുളം പറയുന്നു. 5.6 ഡിഗ്രി തണുപ്പാണ്ടായ മൂന്നാർ എക്കോ പോയിന്റിൽ പകൽ 19.8°c താപനില രേഖപ്പെടുത്തി.

