janvi
മൂന്നാർ: കേരള സന്ദർശനത്തിനിടെയുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയ മുംബൈ സ്വദേശിയുടെ വീഡിയോ വൈറലായതിനു പിന്നാലെ നടപടി. മൂന്നാർ സ്റ്റേഷനിലെ 2 പൊലീസുകാരെ ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തു. ഗ്രേഡ് എസ്ഐ ജോർജ് കുര്യൻ, എഎസ്ഐ സാജു പൗലോസ് എന്നിവർക്കെതിരേയാണ് നടപടി. യുവതിയെ ഭീഷണിപ്പെടുത്തിവരെക്കുറച്ച് അന്വേഷണം നടക്കുന്നതായും പൊലീസ് പറഞ്ഞു.
ഒക്റ്റോബർ 31 നാണ് സംഭവം. മുബൈയിൽ അസിസ്റ്റന്‍റ് പ്രൊഫസറായ ജാൻവി എന്ന യുവതിയാണ് ആരോപണവുമായി രംഗത്തെത്തിയത്. ഓൺലൈൻ ടാക്സിയിൽ യാത്ര ചെയ്തപ്പോൾ തനിക്ക് പ്രദേശവാസികളിൽ നിന്നും പൊലീസിൽ നിന്നുമുണ്ടായ ദുരനുഭവമാണ് പെൺകുട്ടി പങ്കുവച്ചത്. ആലപ്പുഴയും കൊച്ചിയും സന്ദർശിച്ച ശേഷമാണ് ജാൻവിയും സുഹൃത്തുക്കളും മൂന്നാറിലേക്കെത്തിയത്.
മൂന്നാറിൽ ഓൺലൈൻ ടാക്സികൾക്ക് നിരോധനമാണെന്ന് പറഞ്ഞ് പ്രാദേശിക യൂണിയൻ സംഘം അപ്രതീക്ഷിതമായി തടയുകയായിരുന്നു. സ്ഥലത്തെ ടാക്സി വാഹനത്തിൽ മാത്രമേ കടത്തിവിടൂ എന്ന് പറഞ്ഞ് ഇവർ ഭീഷണിപ്പെടുത്തുകയായിരുന്നു. യുവതി പൊലീസിന്‍റെ സഹായം തേടിയെങ്കിലും പൊലീസിനും സമാനമായ നിലപാട് അറിയിക്കുകയും ടാക്സി വാഹനത്തിൽ സഞ്ചരിക്കാൻ നിർദേശിക്കുകയായിരുന്നെന്നും ജാൻവി പറയുന്നു.
ഇതോടെ മറ്റൊരു ടാക്സി വാഹനത്തിൽ യാത്ര ചെയ്തെങ്കിലും സുരക്ഷിതമല്ലെന്നു കണ്ട് കേരള യാത്ര അവസാനിപ്പിച്ചതായും യുവതി പറയുന്നു. ഇനി ഒരിക്കലും കേരളസന്ദർശനം നടത്തില്ലെന്നും 3 മിനിറ്റ് നേരം ദൈർഘ്യമുള്ള വീഡിയോയിൽ ജാൻവി പറഞ്ഞിരുന്നു.