
കോഴിക്കോട് : വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കില്ലെന്നു കെ. മുരളീധരൻ എംപി. കെപിസിസി നേതൃത്വത്തിന്‍റെ അവഗണനയിൽ പ്രതിഷേധിച്ചാണു രാഹുലിന്‍റെ പരിപാടി ബഹിഷ്കരിക്കുന്നത്. രാഹുലിനോടുള്ള ബഹുമാനത്താൽ അദ്ദേഹത്തെ സ്വീകരിക്കാൻ ഹെലിപാഡിൽ എത്തുമെന്നും മുരളീധരൻ അറിയിച്ചു. എന്നാൽ പൊതുസമ്മേളനത്തിൽ നിന്നും വിട്ടുനിൽക്കും.
എംപി സ്ഥാനത്തു നിന്നും അയോഗ്യനാക്കിയ ശേഷം ആദ്യമായാണു രാഹുൽ വയനാട് സന്ദർശിക്കുന്നത്. പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പം വയനാട്ടിൽ എത്തുന്നുണ്ട്. കെപിസിസിയുടെ നേതൃത്വത്തിൽ ഗംഭീര സ്വീകരണമാണു വയനാട്ടിൽ ഒരുക്കുന്നത്. കണ്ണൂരിൽ ഹെലികോപ്റ്ററിൽ എത്തുന്ന രാഹുൽ റോഡ്മാർഗമാണു വയനാട്ടിൽ എത്തുക. വയനാട് കൽപ്പറ്റ കൈനാട്ടിയിൽ പൊതുസമ്മേളനവും നടക്കും.
കെപിസിസി നടത്തുന്ന വയനാട് പരിപാടിയിൽ നിന്നും വിട്ടുനിൽക്കാനാണ് മുരളീധരന്‍റെ തീരുമാനം. പാർട്ടിയുടെ ആഭ്യന്തരകാര്യങ്ങൾ പോലും പത്രത്തിൽ നിന്നാണ് അറിയുന്നതെന്നും, യാതൊരു വിധ ചർച്ചകളും നടക്കാറില്ലെന്നും മുരളീധരൻ ആരോപിക്കുന്നു.