
തിരുവനന്തപുരം: തിരുവനന്തപുരത്ത് 'മുറിൻ ടൈഫസ്' സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തിയ 75 വയസുകാരനാണ് രോഗബാധ. ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയൽ രോഗം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത് അപൂർവമായാണ്. രോഗി ഈഞ്ചയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സിഎംസി വെല്ലൂരിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
സെപ്റ്റംബർ ആദ്യമാണ് ശരീര വേദനയും വിശപ്പില്ലായ്മയും തളർച്ചയും മൂലം ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടിയത്. ആരോഗ്യനില വഷളായ രോഗിയെ വെന്‍റിലേറ്ററിലേക്ക് മാറ്റി. തുടർന്ന് നടത്തിയ പരിശോധനകളിൽ കരളിന്‍റേയും കിഡ്നിയുടെയും പ്രവർത്തനം തകരാറിലായതായും കണ്ടെത്തി.
സാധാരണ കേരളത്തിൽ കണ്ടുവരുന്ന ചെള്ള്പനി അടക്കമുള്ളവയുടെ പരിശോധനകൾ നടത്തിയെങ്കിലും ഫലം നെഗറ്റീവായിരുന്നു. പിന്നാലെ സിഎംസി വെല്ലൂരിൽ നടത്തിയ പരിശോധനയിലാണ് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചത്. മ്യൂറിൻ ടൈഫസിന് കാരണമാകുന്ന രോഗാണു പകരുന്നത് പ്രത്യേകതരം ചെള്ളിലൂടെയാണ്. മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല.