ഗവേഷകർക്ക് അനുഗ്രഹമായി 'ശേവധി'; ജ്ഞാനഭാരതം മിഷന്‍റെ അംഗീകാരം

37,200 താളിയോലകളും, വൈദ്യം, ജ്യോതിർഗണിതം, വാസ്‌തുശാസ്ത്രം, കാവ്യങ്ങൾ തുടങ്ങി അനേകം അപൂർവ ഗ്രന്ഥങ്ങളും അടങ്ങുന്ന വലിയ ശേഖരമാണ് ശേവധിയെ സമ്പന്നമാക്കുന്നത്
museum palm leaf manuscripts

ശേവധി മ്യൂസിയം & ഇൻഡോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ‍്യൂട്ട്

Updated on

കോട്ടയം: കുമാരനല്ലൂരിലെ ശേവധി മ്യൂസിയം & ഇൻഡോളോജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനു കേന്ദ്ര സർക്കാർ സ്ഥാപനമായ ജ്ഞാനഭാരതം മിഷൻ സ്വതന്ത്ര ഗവേഷണ സ്ഥാപനത്തിനുള്ള അംഗീകാരം ലഭിച്ചു. 37,200 താളിയോലകളും, വൈദ്യം, ജ്യോതിർഗണിതം, വാസ്‌തുശാസ്ത്രം, കാവ്യങ്ങൾ തുടങ്ങി അനേകം അപൂർവ ഗ്രന്ഥങ്ങളും അടങ്ങുന്ന വലിയ ശേഖരമാണ് ശേവധിയെ സമ്പന്നമാക്കുന്നത്. ഈ ഓലകളിലെ ഉള്ളടക്കത്തെ ക്കുറിച്ച് കുമാരനല്ലൂർ ഗ്രന്ഥവരി എന്നൊരു പുസ്‌തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രസിദ്ധ ഗ്രാമക്ഷേത്രങ്ങളിൽ ഒന്നായ കുമാരനല്ലൂർ ദേവീക്ഷേത്ര കച്ചേരിയിൽ സൂക്ഷിച്ചിരുന്ന താളിയോല ഗ്രന്ഥങ്ങൾ തെളിച്ചെടുത്ത് സൂക്ഷിയ്ക്കാൻ കുമാരനല്ലൂർ ദേവസ്വം തീരുമാനിക്കുകയും അതിനായി ഒരു എപ്പിഗ്രാഫിസ്റ്റിന്‍റെ സേവനം ആവശ്യപ്പെടുകയും ചെയ്തു. 2024 ഫെബ്രുവരിയിൽ ഇതിനായുള്ള പ്രവർത്തനം ആരംഭിക്കുകയും ഒരു മാനുസ്ക്രിപ്റ്റ് കീപ്പറെ ട്രെയിനിങ് കൊടുത്ത് നിയമിക്കുകയും ചെയ്തു. അടുക്കും ചിട്ടയുമില്ലാതെ കുമ്പാരമായി കിടന്നിരുന്ന താളിയോലകൾ ക്യത്യമായി അടുക്കിവയ്ക്കപ്പെടുകയും കുമാരനല്ലൂരിലെ കൊട്ടാരമാളിക അതിനായി ഉപയോഗപ്പെടുത്തുകയും ചെയ്തു. ശേവധി മ്യൂസിയം & ഇൻഡോളോ ജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നു നാമകരണം ചെയ്യപ്പെട്ട ഈ സ്ഥാപനം കുമാരനല്ലൂർ ഊരാണ്മ ദേവസ്വത്തിനു കീഴിലെ ഒരു റജിസ്റ്റർചെയ്യപ്പെട്ട ട്രസ്റ്റായി ഇപ്പോൾ പ്രവർത്തിക്കുന്നു. ശേവധി എന്നാൽ സമ്പ ത്തിന്‍റെ അധിദേവതയായ കുബേരന്‍റെ നവനിധികളിൽ ഒന്നാണ്. വിജ്ഞാനത്തിന്‍റെ ഒരു മഹാനിധി എന്ന അർഥത്തിലാണ് ശേവധി എന്ന് സ്ഥാപത്തെ നാമകരണം ചെയ്തിട്ടുള്ളത്.

<div class="paragraphs"><p>മ്യൂസിയത്തിലെ സംരക്ഷിക്കപ്പെട്ട ഒരു താളിയോല ഗ്രന്ഥവുമായി മാനുസ്ക്രിപ്റ്റ് കീപ്പർ രമ്യ ഭാസ്കരൻ</p></div>

മ്യൂസിയത്തിലെ സംരക്ഷിക്കപ്പെട്ട ഒരു താളിയോല ഗ്രന്ഥവുമായി മാനുസ്ക്രിപ്റ്റ് കീപ്പർ രമ്യ ഭാസ്കരൻ

37,200 ഓലകൾ തരംതിരിച്ച ശേഷം ഏറ്റവും ശുദ്ധമായ പുൽ തൈലവും, കണ്മഷിയും ചേർത്ത മിശ്രിതം ഉപയോഗിച്ച് വൃത്തിയാക്കി 100 ഓലകളുടെ കൂട്ടമായാണ് താളിയോലകൾ ശേവധിയിലെ എയർകണ്ടീഷൻ മുറികളിൽ സംരക്ഷിച്ചിരിക്കുന്നത്. 372 കെട്ടുകളുള്ള തനതായ താളിയോലകളുടെ ശേഖരവും ഇവിടെയുണ്ട്. ഈ അപൂർവ താളിയോലകൾ ലോകത്തിനു മുന്നിൽ വെളിപ്പെടുന്നതോടെ കോട്ടയത്തിന്‍റെ ചരിത്രം മാറിമറിയും. ലോകമെമ്പാടുമുള്ള എപ്പിഗ്രഫിയും, മാനുസ്ക്രിപ്റ്റോളജിയും പഠിക്കുന്ന ഗവേഷകർക്കും മ്യൂസിയത്തിന്‍റെയും ഗവേഷണ കേന്ദ്രത്തിന്‍റെയും പ്രയോജനം ലഭിക്കും.

താളിയോലകളുടെ സംരക്ഷണവും, ഗവേഷകർക്ക് അവ ലഭ്യമാക്കുകയും, വിദ്യാർഥികളിൽ പുരാരേഖാസഞ്ചയം പഠനവിധേയമാക്കുകയും, ജനങ്ങളുടെ ഇടയിൽ തങ്ങളുടെ പാരമ്പര്യവും പൈതൃകവും സംരക്ഷിക്കേണ്ടതിന്‍റെ അവബോധം സൃഷ്ടിയ്ക്കുകയുമാണ് ശേവധി മ്യൂസിയം & ഇൻഡോളോജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പ്രവർത്തന ലക്ഷ്യം. ഈ ലക്ഷ്യം നേടുന്നതിനായി എപ്പിഗ്രാഫി & മാനുസ്ക്രിപ്റ്റോളജിയിൽ 3 മാസത്തെ കോഴ്‌സ് ശേവധി നടത്തി. കോഴ്‌സിന്‍റെ അവസാനം ബെംഗ്ലൂരിലെ അലയൻസ് യൂണിവേഴ്സ‌ിറ്റിയുമായി ചേർന്ന് പരീക്ഷ നടത്തുകയും പങ്കെടുത്തവർക്ക് യുജിസി അംഗീകാരമുള്ള സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്തു. അലയൻസ് യൂണിവേഴ്‌സിറ്റിയുമായി വിവിധ കോഴ്‌സുകൾ നടത്തുന്നതിനുള്ള ധാരണാപത്രവും ഒപ്പുവച്ചു. കൂടാതെ ആർട്സ്കൂൾ തുടങ്ങുകയും ചെണ്ട, തിമില, കർണാടക സംഗീതം. മ്യദംഗം, ചിത്രകല എന്നിവ പ്രഗത്ഭരായ ഗുരുനാഥന്മാരുടെ കീഴിൽ നടത്തുകയും ചെയ്യുന്നുണ്ട്.

തുടർന്നാണ് കേന്ദ്ര സർക്കാരിന്‍റെ സാംസ്കാരിക മന്ത്രാലയം നടപ്പാക്കുന്ന ജ്ഞാനഭാരതം പദ്ധതിയിൽ താളിയോലകളുടെയും മറ്റു പുരാരേഖകളുടെയും സംരക്ഷണത്തിനായി ശേവധിയുമായി ധാരണാപത്രം ഒപ്പിട്ടിരിക്കുന്നത്. ജ്ഞാനഭാരതം മിഷനുവേണ്ടി സാംസ്കാരിക മന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറിയായ സമർ നന്ദയും, ശേവധിക്കുവേണ്ടി അഡ്‌മിനി‌സ്ട്രേറ്ററായ സി.ടി. ഹരിയും ധാരണാ പത്രത്തിൽ ഒപ്പുവെച്ചിട്ടുള്ളത്. ന്യൂഡൽഹിയിലെ ജ്ഞാനഭാരതം മിഷൻ ആസ്ഥാനത്തു നടന്ന ചടങ്ങിൽ ജ്ഞാനഭാരതം മിഷൻ ഡയറക്റ്ററായ ഇന്ദ്രജിത്ത് സിങ് ധാരണാപത്രം വിതരണം ചെയ്തു. ശേവധിക്കുവേണ്ടി സി.ടി. ഹരി ഏറ്റുവാങ്ങി.

പുരാരേഖാ പഠന-ഗവേഷണ മേഖലയുടെ സമഗ്രവികസനവും സംരക്ഷണവും ഡിജിറ്റൈസേഷനുമാണ് ജ്ഞാനഭാരതം മിഷൻ ലക്ഷ്യമിടുന്നത്. അതിനായി ഒരു ലൈബ്രറിയും സമഗ്രമായ താളിയോല ഗ്രന്ഥശേഖരവും പരിശീലനം ലഭിച്ച ഒരു ക്യൂറേറ്ററുടെ സേവനവും ശേവധിയിലുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 14 ഗവേഷണ സ്ഥാപനങ്ങളുമായി ധാരാണാപത്രം ഒപ്പുവെച്ചിട്ടുള്ളതിൽ 7 എണ്ണം ക്ലസ്റ്ററുകളും, 7 എണ്ണം സ്വതന്ത്ര ഗവേഷണ സ്ഥാപനങ്ങളുമാണ്. സാങ്കേതിക വിദ്യാ കൈമാറ്റത്തിനായി 2 സ്ഥാപനങ്ങളുമായി ധാരണാപത്രവും ഒപ്പുവെച്ചു. ശേവധിയെ സ്വതന്ത്ര ഗവേഷണ സ്ഥാപന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ശേവധിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ അഡ്മിനിസ്ട്രേറ്റർ ഹരി ചെമ്മങ്ങാട്ടില്ലം, ക്ഷേത്രം ഊരാഴ്മ സെക്രട്ടറി സി.എസ്. ഉണ്ണി, ക്യൂറേറ്റർ എസ്. രാജേന്ദു, മാനുസ്ക്രിപ്റ്റ് കീപ്പർ രമ്യ ഭാസ്കരൻ, കോ ഓർഡിനേറ്റർ ആനന്ദക്കുട്ടൻ ശ്രീനിലയം എന്നിവർ പങ്കെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com