

പി.എം.എ. സലാം
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായി വിമർശിച്ച മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമിനെ തള്ളി പാർട്ടി നേതൃത്വം. വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് ആരും പോകാൻ പാടില്ലെന്നു മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.
ഭരണകൂടത്തിന്‍റെ വീഴ്ചകൾ ചൂണ്ടിക്കാണിക്കേണ്ടത് പ്രതിപക്ഷത്തിന്‍റെ കടമയാണ്. അതാവാം. രാഷ്‌ട്രീയ വിമർശനങ്ങളും വേണം. പക്ഷേ, അവ വ്യക്തിപരമായ ആക്ഷേപത്തിലേക്കു പോകുന്നതു നല്ലതല്ല. അതു പാർട്ടി നയവുമല്ല. ഇത്തരം കാര്യങ്ങളിൽ എല്ലാവരും സൂക്ഷിക്കണം- സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
''വ്യക്തി അധിക്ഷേപങ്ങൾ ലീഗിന്‍റെ രീതിയല്ല. പിസലാമിനെ സംസ്ഥാന പ്രസിഡന്‍റ് തന്നെ തിരുത്തിയിട്ടുണ്ട്. തെറ്റു പറ്റിയാൽ ലീഗ് തിരുത്തും. എത്ര ഉന്നത സ്ഥാനത്തിരിക്കുന്നവർക്കും നാക്കു പിഴ ആർക്കും സംഭവിക്കാം. നാളെ എനിക്കു വേണമെങ്കിലും സംഭവിക്കാം. അപ്പോഴും പാർട്ടി തിരുത്തും''- ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പിഎം ശ്രീ പദ്ധതിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടത് 'ആണും പെണ്ണും കെട്ട' നിലയിലാണെന്നാണ് പി.എം.എ. സലാം പറഞ്ഞത്. മലപ്പുറത്തെ വാഴക്കാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് സമ്മേളനത്തിന്‍റെ ഭാഗമായ വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു വിവാദ പരാമർശം.
സലാമിന്‍റെ പരാമർശം തരംതാണതും രാഷ്‌ട്രീയ മര്യാദകൾ പാലിക്കാത്തതുമാണെന്നു സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തിയിരുന്നു. രാഷ്‌ട്രീയ വിമർശനങ്ങൾക്ക് അവസരം ലഭിക്കാതിരിക്കുമ്പോൾ മോശം പരാമർശങ്ങളിലൂടെ അപകീർത്തിപ്പെടുത്താം എന്നത് വ്യാമോഹമാണെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.
മുഖ്യമന്ത്രിയെക്കുറിച്ച് സലാം അങ്ങനെയൊരു പ്രസ്താവന നടത്താൻ പാടില്ലാത്തതാണെന്നു പൊതു വിദ്യാഭ്യാസ മന്ത്രിവി. ശിവൻകുട്ടി പറഞ്ഞു. സാധാരണ നിലയിൽ മുസ്‍ലിം ലീഗിന്‍റെ നേതാക്കളൊന്നും ആ നിലയിലുള്ള പ്രസ്താവന നടത്തുന്നവരല്ല. സലാം സലാമിന്‍റെ സംസ്കാരം പുറത്തെടുത്തു- ശിവൻകുട്ടി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പി.എ.എം. സലാം പ്രസംഗിച്ചത്
''ഹൈന്ദവ തത്വങ്ങളും വികലമായ വീക്ഷണങ്ങളും പഠിപ്പിക്കുന്ന വിദ്യാഭ്യാസം കൊണ്ടുവരാന്‍ ഒപ്പിട്ടിരിക്കുകയാണ് കേരളം. ഒരു പുരുഷനാണെങ്കില്‍ അതിനെ എങ്ങനെ എതിര്‍ക്കാന്‍ കഴിയുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പഠിപ്പിച്ചുതന്നിട്ടുണ്ട്. പതിനായിരം കോടി തന്നാലും കുട്ടികളെ ഇത്തരം വർഗീയ വിഷം പഠിപ്പിക്കാൻ ഒരുക്കമല്ലെന്നും ഈ വര്‍ഗീയ വിഷം പശ്ചിമ ബംഗാളിലേക്ക് കൊണ്ടുവരില്ലെന്നും അവിടത്തെ വനിതാ മുഖ്യമന്ത്രിയായ മമതാ ബാനര്‍ജിയും പറഞ്ഞു.
കേരളത്തിലെ മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനായതുകൊണ്ടാണ് അതിൽ പോയി ഒപ്പിട്ടത്. ഒന്നുകില്‍ മുഖ്യമന്ത്രി ആണാവണം, അല്ലെങ്കില്‍ പെണ്ണാവണം. ഇത് രണ്ടുംകെട്ട മുഖ്യമന്ത്രിയെ കിട്ടിയതാണ് നമ്മുടെ അപമാനം. അതാണ് നാമിന്ന് അനുഭവിക്കുന്നത്. അത് പറയാതിരിക്കാൻ നിർവാഹമില്ല''- സലാം പറഞ്ഞു.
സ്ത്രീയും പുരുഷനും തുല്യരല്ലെന്ന സലാമിന്‍റെ പരാമര്‍ശവും നേരത്തേ വിവാദമായിരുന്നു. ''തുല്യരാണെന്ന വാദം ലോകം അംഗീകരിച്ചിട്ടില്ല. അത് കണ്ണടച്ച് ഇരുട്ടാക്കലാണ്. സമൂഹത്തില്‍ കൈയടി കിട്ടാനാണ് ഈ വാദം ചിലര്‍ ഉയര്‍ത്തുന്നത്. സ്ത്രീയും പുരുഷനും എല്ലാ നിലയ്ക്കും തുല്യമാണെന്ന് പറയാന്‍ പറ്റുമോ'' എന്നും അദ്ദേഹം ചോദിച്ചു.
സ്ത്രീകള്‍ക്ക് ഒളിംപിക്‌സില്‍ വേറെ മത്സരമാണെന്നും ബസില്‍ വേറെ സീറ്റാണെന്നും രണ്ടും വ്യത്യസ്തമായതു കൊണ്ടല്ലേ ഇതെന്നും അദ്ദേഹം മുമ്പ് മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞിരുന്നു.