ഷാഫിയുടെ സ്വീകരണ ചടങ്ങിൽ വനിതകൾക്ക് മുസ്‌ലിം ലീഗ് നേതാവിന്‍റെ വിലക്ക്

കൂത്തുപറമ്പ് മണ്ഡലം മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി ഷാഹുല്‍ ഹമീദിന്‍റെ ശബ്ദസന്ദേശം പുറത്ത്
Muslim League leader bans women from Shafi's reception
ഷാഫിയുടെ സ്വീകരണ ചടങ്ങിൽ വനിതകൾക്ക് മുസ്‌ലിം ലീഗ് നേതാവിന്‍റെ വിലക്ക്

വടകര: നിയുക്ത എംപി ഷാഫി പറമ്പിലിന്‍റെ വിജയാഘോഷത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വനിതാ ലീഗ് പ്രവര്‍ത്തകരെ വിലക്കി മുസ്‌ലിം ലീഗ് നേതാവ്. വോട്ടെണ്ണൽ ദിവസം വനിതാ ലീഗ് പ്രവർത്തകർ റോഡിലിറങ്ങി നൃത്തം ചെയ്ത് ആഹ്ലാദ പ്രകടനം നടത്തിയത് സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇത് ഇസ്‌ലാമിക വിരുദ്ധമാണെന്ന ചർച്ച പാർട്ടിക്കുള്ളിൽ നടന്നതി‌ന്‍റെ തുടർച്ചയായാണ് വിലക്ക്. വനിതകളെ വിലക്കിക്കൊണ്ടുള്ള കൂത്തുപറമ്പ് മണ്ഡലം മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി ഷാഹുല്‍ ഹമീദിന്‍റെ ശബ്ദസന്ദേശം പുറത്തുവന്നു.

ഷാഫി പറമ്പിലിന് കൂത്തുപറമ്പ് നിയോജകമണ്ഡലം യുഡിഎഫ് കമ്മിറ്റി പാനൂരില്‍ നൽകുന്ന സ്വീകരണത്തിന്‍റെ ഭാഗമായുള്ള റോഡ് ഷോയിലോ പ്രകടനത്തിലോ സ്ത്രീകള്‍ പങ്കെടുക്കേണ്ടതില്ലെന്ന് സന്ദേശത്തിൽ പറയുന്നു. ആഘോഷപരമായ ആവേശത്തിമിര്‍പ്പിന് മതപരമായ നിയന്ത്രണം അനുവദിക്കുന്നില്ല. ഏത് പരിപാടിയിൽ പങ്കെടുക്കുമ്പോഴും കൃത്യമായ മതബോധത്തെ സൂക്ഷിക്കേണ്ടവരാണെന്ന‌ ബോധ്യത്തോടെ പ്രവർത്തിക്കാൻ ജാഗ്രത കാണിക്കണം. എന്നാല്‍ ഷാഫി പറമ്പിലിന് അഭിവാദ്യം അര്‍പ്പിച്ചാൽ മതിയെന്നും ഷാഹുല്‍ ഹമീദ് ശബ്ദസന്ദേശത്തില്‍ പറയുന്നു. വോട്ടെണ്ണൽ ദിവസത്തെ അനുഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് നിര്‍ദേശമെന്നും സന്ദേശത്തിൽ സൂചനയുണ്ട്. ലീഗ് നേതാവിന്‍റെ വിലക്കിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com