ജില്ലകളുടെ പുനഃസംഘടന ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ആയിരിക്കണമെന്ന് മുസ്‌ലിം ലീഗ്

പ്രത്യേക മൂവാറ്റുപുഴ ജില്ല എന്ന ആവശ്യം വീണ്ടും സജീവമായ സാഹചര്യത്തിലാണ് ലീഗിന്‍റെ നിലപാട്

Muslim League says district reorganization should be based on population.

ജില്ലകളുടെ പുനഃസംഘടന ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ആയിരിക്കണമെന്ന് മുസ്‌ലിം ലീഗ്

Updated on

മലപ്പുറം: കേരളത്തിലെ ജില്ലകൾ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ പുനഃസംഘടിപ്പിക്കണമെന്ന് മുസ്‌ലിം ലീഗ്. പ്രത്യേക മൂവാറ്റുപുഴ ജില്ല എന്ന ആവശ്യം വീണ്ടും സജീവമായ സാഹചര്യത്തിലാണ് ലീഗിന്‍റെ നിലപാട്. മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം. സലാം ആണ് വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയത്.

പ്രത്യേക പ്രദേശത്തോ സ്ഥലത്തോ പുതിയ ജില്ല വേണമെന്നല്ല ലീഗിന്‍റെ ആവശ്യമെന്ന് പി.എം. സലാം പറഞ്ഞു. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ജില്ലകളെ പുനഃസംഘടിപ്പിക്കണമെന്നാണ് ലീഗിന്‍റെ നിലപാട്. ഒരു പ്രത്യേക പ്രദേശത്ത് ജില്ല രൂപീകരിക്കണമെന്ന് ലീഗ് പറയുന്നില്ല. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ജില്ലകൾ പുനഃസംഘടിപ്പിക്കണമെന്നാണ് തങ്ങളുടെ നിലപാടെന്നും തിങ്കളാഴ്ച മാധ്യമങ്ങളോട് സംസാരിക്കവേ സലാം വ്യക്തമാക്കി.

45 ലക്ഷത്തിലധികം ജനസംഖ്യയുള്ള മലപ്പുറത്തിനും ഏകദേശം 10 ലക്ഷം ജനസംഖ്യയുള്ള പത്തനംതിട്ടയ്ക്കും ജില്ലാ തലത്തിൽ ഒരേ സൗകര്യങ്ങളാണ് ലഭിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “ഓരോ കേരളീയനും അർഹമായ ആനുകൂല്യങ്ങളും മറ്റ് സൗകര്യങ്ങളും ലഭിക്കണം. 20 ലക്ഷം ജനസംഖ്യയുള്ള ജില്ലകൾക്ക് മലപ്പുറം ജില്ലയേക്കാൾ കൂടുതൽ താലൂക്കുകളുണ്ട്. ഇത്തരം യുക്തിരഹിതമായ അവസ്ഥ മാറ്റണം”- അദ്ദേഹം പറഞ്ഞു. മലപ്പുറം മാത്രം വിഭജിക്കണമെന്നോ തിരൂർ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്നോ ഉള്ള ആവശ്യമല്ല ലീഗിന്‍റേതെന്നും സലാം വ്യക്തമാക്കി. പ്രത്യേക മൂവാറ്റുപുഴ ജില്ല വേണമെന്ന ആവശ്യം സംസ്ഥാന സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞതിന് പിന്നാലെയാണ് സലാമിന്‍റെ പ്രതികരണം.

യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ മുസ്‌ലിം ലീഗുമായി ബന്ധപ്പെട്ട വിവിധ സംഘടനകൾ ജനസംഖ്യ വർധിക്കുന്ന സാഹചര്യത്തിൽ മുസ്‌ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറം വിഭജിക്കണമെന്ന ആവശ്യം ഏറെക്കാലമായി ഉന്നയിക്കുന്നുണ്ട്. എന്നാൽ, ഇതിന് വിശാലമായ രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന ചൂണ്ടിക്കാട്ടി വലതുപക്ഷ രാഷ്ട്രീയ സംഘടനകൾ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com