

തിരുവനന്തപുരം: മുട്ടിലിൽ അനധികൃതമായി മരം മുറിച്ചു കടത്തിയ സംഭവത്തിൽ മീനങ്ങാടി, മേപ്പാടി സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത 6 കേസുകളിൽ അന്വേഷണം നടന്നുവരുന്നതായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
മീനങ്ങാടി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ മുറിച്ചുകടത്തിയ മരത്തിന്റെ ഡിഎൻഎ സർട്ടിഫിക്കറ്റും പ്രായം നിർണയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റും ലഭിച്ചു. കേസിൽ കുറ്റപത്രം സമർപ്പിക്കാൻ അടിയന്തര നടപടി സ്വീകരിച്ചുവരുന്നു. ബാക്കിയുള്ള കേസുകളിലും മരത്തിന്റെ പ്രായനിർണയ സർട്ടിഫിക്കറ്റ്, വില നിർണയ സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കുന്ന മുറയ്ക്ക് തുടർനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഷംസുദ്ദീന്റെ ചോദ്യത്തിനു മറുപടിയായാണ് നിയമസഭയിൽ മുഖ്യമന്ത്രിയുടെ മറുപടി. മുട്ടിൽ സൗത്ത് വില്ലേജിൽ നിന്ന് അഗസ്റ്റിന് സഹോദരങ്ങൾ 104 മരങ്ങൾ കടത്തിയതാണ് കേസ്. നിലവിൽ കുപ്പാടി ഡിപ്പോയിൽ മരങ്ങൾ സൂക്ഷിച്ചിട്ടുണ്ട്.