മുട്ടിൽ മരം മുറി കേസ്: ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണം, അഗസ്റ്റിൻ സഹോദരങ്ങൾ സുപ്രീം കോടതിയിൽ

സമാന ആവശ‍്യവുമായി പ്രതികൾ നേരത്തെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും തള്ളിയ സാഹചര‍്യത്തിലാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്
Muttil tree-felling case: Augustine brothers move Supreme Court seeking to halt trial at Chottanikkara court.

മുട്ടിൽ മരം മുറി കേസ്: ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണം, അഗസ്റ്റിൻ സഹോദരങ്ങൾ സുപ്രീം കോടതിയിൽ

Updated on

തിരുവനന്തപുരം: മുട്ടിൽ മരം മുറി കേസിൽ ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണമെന്ന് ആവശ‍്യപ്പെട്ട് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു.

സമാന ആവശ‍്യവുമായി പ്രതികൾ നേരത്തെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും തള്ളിയ സാഹചര‍്യത്തിലാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. 2020-21 കാലഘട്ടത്തിൽ റവന്യൂ സെക്രട്ടറി പുറത്തിറക്കിയ വിവാദ ഉത്തരവിന്‍റെ മറവിൽ മുട്ടിൽ സൗത്ത് വില്ലേജിൽ നിന്ന് അഗസ്റ്റിൻ സഹോദരന്മാർ ഈട്ടിത്തടികൾ മുറിച്ചു കടത്തുകയായിരുന്നു.

പതിനഞ്ച് കോടിയോളം വില വരുന്ന തടികളാണ് മുറിച്ച് കടത്തിയത്. സര്‍ക്കാര്‍ ഉത്തരവിന്‍റെ മറവില്‍ 105 മരങ്ങള്‍ മുറിച്ചുമാറ്റിയെന്നാണ് കേസ്. പൊതുമുതല്‍ നശിപ്പിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍ വഞ്ചന, ഗുഢാലോചന എന്നിവയാണ് പ്രധാനകുറ്റങ്ങള്‍.

അഗസ്റ്റിന്‍ സഹോദരന്‍മാരെ കൂടാതെ ഇവരുടെ ഡ്രൈവറായ ബിനീഷ്, ചാക്കോ, സുരേഷ്, അബൂബക്കര്‍, രവി, നാസര്‍ അന്നത്തെ വില്ലേജ് ഓഫീസറായിരുന്ന കെ.കെ. ആജി, സെപ്ഷ്യല്‍ വില്ലേജ് ഓഫീസര്‍ കെ.കെ. സിന്ധു എന്നിവരാണ് മറ്റ് പ്രതികള്‍.

ഭൂപരിഷ്‌കരണ നിയമത്തിന് ശേഷം പട്ടയഭുമിയില്‍ ഉടമകള്‍ നട്ടുവളര്‍ത്തിയതും സ്വയം മുളച്ചതുമായ ചന്ദനം ഒഴികെയുള്ള മരങ്ങള്‍ ഉടമള്‍ക്ക് മുറിച്ചുമാറ്റാന്‍ അനുവാദം നല്‍കുന്ന റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ 2020 ഒക്ടോബര്‍ 24 ലെ സര്‍ക്കാര്‍ ഉത്തരവിന്‍റെ മറവിലായിരുന്നു മരങ്ങള്‍ മുറിച്ച് മാറ്റിയത്.

1964ലെ കേരള ഭൂപതിവ് ചട്ടമനുസരിച്ച് പട്ടയം അനുവദിക്കുന്നതിന് നൂറ്റാണ്ടുകള്‍ മുന്‍പ് ഭൂമിയില്‍ ഉണ്ടായിരുന്നു മരങ്ങളാണ് മുട്ടില്‍ സൗത്ത് വില്ലേജില്‍ നിന്ന് മുറിച്ച് കടത്തിയതെന്ന് തൃശൂര്‍ പീച്ചിയിലെ വനം ഗവേഷണ കേന്ദ്രത്തില്‍ നടത്തിയ ഡിഎന്‍എ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

അതേസമയം, പ്രതികളിലൊരാളായ ആന്‍റോ അഗസ്റ്റിൻ നിലവിൽ അറസ്റ്റിലാണ്. അളവിൽ കവിഞ്ഞ മദ‍്യം കൈവശം വച്ചതിനാണ് ആന്‍റോ അഗസ്റ്റിൻ അറസ്റ്റിലായത്. ജാമ‍്യമില്ലാ വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരേ കേസെടുത്തിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com